 
കുമളി: നാടൻ തോക്കുമായി രണ്ട് പേർ വനപാലകരുടെ പിടിയിലായി. ഉപ്പുതറ വളകോട് സ്വർഗഭവൻ വീട്ടിൽ മുരുകൻ (33), ചെക്കാട്ട് സനീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. വനപാലക സംഘം ആനവിലാസം ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി എത്തിയ കാർ പരിശോധിച്ചപ്പോഴാണ് നാടൻ തോക്ക് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മുരുകനെ ചോദ്യം ചെയ്തപ്പോൾ സനീഷാണ് തോക്ക് നൽകിയതെന്ന് മൊഴി നൽകി. തുടർന്ന് സനീഷിനെ അറസ്റ്റ് ചെയ്തു. റേഞ്ച് ഓഫീസർ ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.സി രാജു, ജോസ്മോൻ, എം.എ മാത്യു, സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണകുമാർ, അഖിൽ, നിശാന്ത്, സന്തോഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.