
മൂലമറ്റം: വാഗമൺ സന്ദർശിക്കാൻ പോയ യുവാക്കളുടെ സംഘത്തിൽപ്പെട്ട ഒരാൾ കൊക്കയിൽ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരൻനായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ (28) ആണ് മരിച്ചത്. വാഗമൺ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കുമ്പംകാനത്ത് റോഡരികിലെ കെട്ടിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുന്നൂറ് അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കൂടെയുണ്ടായിരുന്നവർ വിളിച്ച് പറഞ്ഞതനുസരിച്ച് മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സും കാഞ്ഞാർ സർക്കിൾ ഇൻസ്പക്ടർ വി.കെ. ശ്രീജേഷ്, എസ്.ഐ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസും ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വടത്തിൽ താഴെയിറങ്ങിയ ഫയർഫോഴ്സ് സംഘം വലയിലാക്കി മൃതദേഹം പുറത്തെടുത്ത് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. പിഎസ് സി കോച്ചിംഗിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനിൽ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു. മാതാവ്: ലത, സഹോദരി: പാർവതി.