
മറയൂർ: മദ്യപാനത്തിനിടെ ഉണ്ടായതർക്കത്തെ തുടർന്ന് സഹോദരീ പുത്രന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മറയൂർ പട്ടം കോളനി ലക്ഷ്മീ വിലാസത്തിൽ പരമേശ്വരൻ (62) ആണ് കൊല്ലപ്പെട്ടത്. പരമേശ്വരന്റെ സഹോദരിയുടെ മകൻ പ്രവീൺ(25) വാക്കത്തി കൊണ്ട് നട്ടെല്ലിന് നിരവധി തവണ അടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് മദ്യ ലഹരിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടയി. മൂന്ന് മണിയോടെ അടിയിൽ കലാശിക്കുകയായിരുന്നു.
വാക്കത്തി കൊണ്ട് പുറത്ത് അടിയേറ്റ പരമേശ്വരൻ ബോധരഹിതനായതിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിച്ചു. പ്രതിയെ എസ് ഐ ജി അജയകൂമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. പരമേശ്വരൻ കുടുംബ സമേതം ഇപ്പോൾ കൊല്ലത്താണ് താമസിച്ചു വരുന്നത്. മറയൂരിൽ ഭുമിയും കുടുംബവീടും ഉള്ളതിനാൽ ഇടക്കിടെ മറയൂരിൽ എത്തുന്നത് പതിവാണ്.സുലോചനയാണ് പരമേശ്വരന്റെ ഭാര്യ. മക്കൾ: വിജയകുമാർ, സുനിത