ചെറുതോണി: ജനുവരിയിൽ കട്ടപ്പനയിൽ നടത്തിയ പട്ടയമേളയിൽ നൽകിയ പട്ടയങ്ങളുടെ പോക്കുവരവ് വില്ലേജ് ആഫീസുകളിൽ നടക്കാത്തതുമൂലം കരമടയ്ക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കിട്ടിയ പട്ടയംകൊണ്ട് കഴിയാത്ത അവസ്ഥയാണെന്ന് കേരളാ കോൺഗ്രസ് (എം). പോക്കുവരവ് നടത്തുന്നതിനായി താലൂക്ക് ലാന്റ് അസൈൻമെന്റ് ആഫീസുകളിൽ നിന്ന് വില്ലേജ് ആഫീസുകളിലേക്ക് പട്ടയം നൽകിയവരുടെ വിവരങ്ങൾ അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും പട്ടയരേഖകൾ വില്ലേജ് ആഫീസുകളിൽ എത്തിയിട്ടില്ലെന്നാണ് പോക്കുവരവ് നടത്തി കരമടയ്ക്കാൻ ചെല്ലുന്നവരോട് വില്ലേജ് ആഫീസർമാർ പറയുന്നത്. അടിയന്തരമായി പട്ടയങ്ങളുടെ പോക്കുവരവ് നടത്താനും കരമടയ്ക്കാനും നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.