ചെറുതോണി: കൊവിഡ് നിരീക്ഷണത്തിലായ ഡോക്ടർ പരിശോധനയ്ക്കായി ഓട്ടോറിക്ഷയിൽ 14 കിലോമീറ്റർ ദൂരം സഞ്ചരിച്ചതിന് ഡ്രൈവർ വാങ്ങിയത് 1500 രൂപ. ഉപ്പുതോട് ആയുർവേദ ഡിസ്‌പെൻസറിയിലെ വനിത മെഡിക്കൽ ആഫീസറിൽ നിന്നാണ് ഓട്ടോറിക്ഷക്കാരൻ നിർബന്ധിച്ച് അമിതകൂലി വാങ്ങിയത്. കൊവിഡ് പരിശോധനയ്ക്കായി മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞയച്ച ഓട്ടോറിക്ഷ ഡ്രൈവറാണ് അമിതകൂലി വാങ്ങിയത്. ഉപ്പുതോട് മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെ 14 കിലോമീറ്ററാണ് ദൂരം. ഈ വിവരം മരിയാപുരം ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തതോടെ വൈകിട്ട് ഓട്ടോഡ്രൈവർ 500 രൂപ ഡോക്ടർ താമസിക്കുന്ന വീടിന്റെ വഴിയിൽ വച്ചിട്ടു സ്ഥലം വിട്ടു. പരിശോധനയിൽ ഡോക്ടറുടെ ഫലം നെഗറ്റീവായിരുന്നു.