poomala

തൊടുപുഴ: സംസ്ഥാനത്ത് മികവിന്റെ വിദ്യാലയം പദ്ധതിയിൽപ്പെടുത്തി പൂർത്തിയാക്കിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തപ്പോൾ പദ്ധതിയിൽ ആദ്യം തന്നെ ഉൾപ്പെട്ട സ്‌കൂളുകളായ പൂമാല ട്രൈബൽ എച്ച്.എസ്.എസും പണിക്കൻകുടി ജി.എച്ച്.എസ്.എസും ഇന്നും പഴയ സ്ഥിതിയിൽ തന്നെ. മികവിന്റെ വിദ്യാലയം പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയ സ്കൂളായിരുന്നു ഇവ. 2017ൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളുകൾക്ക് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. പൂമാല സ്കൂളിൽ ആദ്യ ഘട്ടമായി 500 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയവും പ്രൈമറി സ്‌കൂളിനായുള്ള കെട്ടിടവുമാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. പണിക്കൻകുടി സ്കൂളിൽ ക്ലാസ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കേണ്ടിയിരുന്നത്. ഇതിനായി എസ്റ്റിമേറ്റ് പൂർത്തിയാക്കി. നിർമാണ ചുമതലയേറ്റെടുത്ത കമ്പനി നിർമാണം ആരംഭിച്ചില്ല. എന്നാൽ പൂമാല സ്കൂളിൽ നിലവിലുണ്ടായിരുന്ന ഒരു കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തു. ഈ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കേണ്ടത്. കഴിഞ്ഞ മൂന്ന് വർഷമായി ഒരനക്കവുമില്ല. പിന്നാക്കമേഖലയിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളോടുള്ള അവഗണനയാണിതെന്ന് ആക്ഷേപം ശക്തമാണ്.

പാവപ്പെട്ട കുട്ടികളുടെ സ്കൂളുകൾ

പൂമാല സ്കൂളിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളിലായി തൊള്ളായിരത്തോളം വിദ്യാർത്ഥികളുള്ളതിൽ 80 ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്. യൂണിസെഫ് അംഗീകാരം,​ മികച്ച ഐ.ടി ലാബിനുള്ള പുരസ്കാരം,​ മികച്ച ഹരിത വിദ്യാലയ പുരസ്കാരം,​ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പിന്നാക്കവിഭാഗത്തിലുള്ള 1400 കുട്ടികൾ പഠിക്കുന്ന പണിക്കൻകുടി സ്കൂൾ പാഠ്യ- പാഠ്യേത രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇടുക്കിയുടെ അഭിമാനമായി മാറിയ കായികതാരങ്ങളായ കെ.എം. ബീനാമോളും കെ.എം. ബിനുവും ഇവിടത്തെ പൂർവവിദ്യാർത്ഥികളാണ്.

'സാങ്കേതിക തടസം കാരണമാണ് ഇരു സ്കൂളുകളുടെയും കെട്ടിട നിർമാണം ആരംഭിക്കാത്തത്. ആദ്യം നിർമാണചുമതല ഏറ്റെടുത്ത കമ്പനിക്ക് നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്താകെ 28 സ്കൂളുകളുണ്ട്. അതിൽ ഇടുക്കിയിലുള്ള രണ്ട് സ്കൂളുകളാണ് പൂമാലയും പണിക്കൻകുടിയും. രണ്ടാമത് ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. പുതിയ കമ്പനി ടെൻഡർ ഏറ്റെടുത്ത ശേഷം നിർമാണം ആരംഭിക്കും"

-ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. എ. ശശീന്ദ്രവ്യാസ്‌