 
ചെറുതോണി: കാർഷികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി നിയമസഭ വിളിച്ചുകൂട്ടി നിയമഭേദഗതി നടത്തേണ്ട സർക്കാർ കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പറും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സിറിയക്ക് തോമസ് പറഞ്ഞു. കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ 43-ാം ദിവസം ഉപ്പുതറ മണ്ഡലം കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട സർക്കാർ സുപ്രീംകോടതിയിൽ നിയമനടപടികളുമായി പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതറ മണ്ഡലം പ്രസിഡന്റ് കെ.എം. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സാബു വേങ്ങവയലിൽ, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ജേക്കബ് പനന്താനം, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി പി.വൈ. ജോസഫ്, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സി.ടി. ആമോസ് എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു.