തൊടുപുഴ: കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 14ന് വൈകിട്ട് മൂന്നിന് റേഷൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പൊതുയോഗവും നടത്തും. 65നു മേൽ പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് റേഷൻ സൗജന്യമായി നൽകണം. സസ്‌പെൻഡ് ചെയ്യപ്പെട്ട ലൈസൻസികളെ പുനഃസ്ഥാപിക്കാനുള്ള ഉദ്യോഗതലത്തിലെ ഗൂഢാലോചനയും അഴിമതിയും സ്വജനപക്ഷപാതിത്വവും അവസാനിപ്പിക്കണമെന്നും സമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പുമന്ത്രിയ്ക്കും ഡയറക്ടർക്കും നിവേദനം നൽകുന്നതിനും സമിതിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.പി. കുഞ്ഞച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബാബു മഞ്ഞള്ളൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനിൽ രാഘവൻ, ജോയിന്റ് സെക്രട്ടറി വി.എസ്. അബ്ബാസ്, പി.എസ്. ജോസ്, ട്രഷറർ സച്ചിൻ കെ. ടോമി, ജോർജ് തണ്ടേൽ, കെ.എ. സദാശിവൻ, ടി.ജെ. ബേബി എന്നിവർ പങ്കെടുത്തു.