തൊടുപുഴ: ഭീകരവാദ ബന്ധമുള്ള അന്തർദേശീയ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് കോടതി സോപാധിക ജാമ്യം അനുവദിച്ചതിന് പിന്നിൽ സി.പി.എം- ബി.ജെ.പി ഒത്തുകളിയുണ്ടെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ. ഇഴഞ്ഞിഴഞ്ഞ് പോകുന്ന അന്വേഷണവും നീണ്ടു നീണ്ടു പോകുന്ന ചോദ്യം ചെയ്യലുകളും എല്ലാം ഒരു ആസൂത്രിത നാടകമാണെന്ന് ആർക്കും തോന്നിപോകും വിധമാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കണ്ടു ചോദ്യം ചെയ്യാനോ വിളിച്ചു വരുത്താനോ ഒന്നും വേണ്ടത്ര താത്പര്യം ഇല്ലാതെ പോകുന്നത് അസ്വാഭാവികമാണ്. ഫലത്തിൽ എൻ.ഐ.എ അന്വേഷണവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ പോകുന്നില്ല. പ്രതികൾ ആരൊക്കെ എന്ന കാര്യത്തിൽ പോലും കൃത്യതയില്ല. നിശ്ചിത സമയ പരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാവാതെ വന്നാൽ അവശേഷിക്കുന്ന കേസിലും സോപാധിക ജാമ്യം ലഭിക്കാനായി കളം ഒരുക്കുകയാണ്. ജാമ്യത്തിൽ ഇറങ്ങിയാൽ പിന്നെ ഉണ്ടാകാൻ പോകുന്ന പുകിൽ കാത്തിരുന്നു കാണാം. കേസിൽ പ്രതികളാകുമെന്ന് പ്രതീക്ഷിച്ച മന്ത്രി ജലീലിനും ശിവശങ്കരനും സ്വപ്നയുടെ വക ക്ലീൻ ചീറ്റ് ഉറപ്പാണ്. സ്വർണക്കടത്തു കേസിലെ ഒത്തുകളിയെ പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ ആവശ്യപ്പെട്ടു.