phc
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രം

ഇടുക്കി: കുടുബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആരോഗ്യരംഗത്ത് പ്രാദേശികമായി വലിയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് വീഡിയോ കോൺഫറൻസിലൂടെയുള്ള ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനും മറ്റ് ചികിത്സാ രംഗത്തും വിപുലമായ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തും ദിവസം മുഴുവൻ മെച്ചപ്പെട്ട വൈദ്യ സഹായം ലഭിക്കുന്നുവെന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് ഒ.പികൾ, ഫാർമസി, അന്വഷേണ വിഭാഗം, ലാബ്, ടോക്കൺ സംവിധാനം, ഫീഡിംഗ് റൂം തുടങ്ങി എല്ലാവിധ രോഗീസൗഹൃദ ചികിത്സാ സൗകര്യങ്ങളും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരുന്നു. വിവിധ ജില്ലകളിൽ മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.സി മൊയ്തീൻ തുടങ്ങിയവരും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ സുരേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. തങ്കച്ചൻ, ത്രിതലപഞ്ചായത്തംഗങ്ങളായ അമുദ വല്ലഭൻ, പരിമളം ജയഗണേശ് തുടങ്ങിയവർ പങ്കെടുത്തു.