ഇടുക്കി: വ്യാവസായിക പരിശീലനത്തിൽ പിന്നാക്കം നിൽക്കുന്ന പട്ടികവർഗ യുവാക്കൾക്ക് പരിശീലനം നൽകുന്ന നാടുകാണി ഐ.ടി.ഐയ്ക്കായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അക്കാഡമിക് ബ്ലോക്കും ഹോസ്റ്റലും നാടിന് അഭിമാനമായി മാറുന്നു. 4.03 കോടി അടങ്കൽ തുകയായി കിഫ്ബി പദ്ധതിയിൽ നിന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പുതിയ ബ്ലോക്കിന്റെ നിർമ്മാണം. ഇതോടെ 45 ട്രെയിനികൾ പഠിച്ചിരുന്ന സ്ഥാപനത്തിൽ ഇനി മുതൽ ആറ് ട്രേഡുകളിലായി 270 പേർക്ക് പഠിക്കാൻ അവസരം ലഭിക്കും. നിലവിലുള്ള രണ്ട് ട്രേഡുകൾക്ക് പുറമേ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കോപ്പ, സോളാർ ടെക്നീഷ്യൻ ഇലക്ടീഷൻ എന്നീ നാല് ട്രേഡുകളിൽ രണ്ട് യൂണിറ്റ് വീതം ആരംഭിക്കുന്നുണ്ട്. ഇതിനുള്ള സൗകര്യങ്ങളോടെയാണ് പുതിയ അക്കാദമിക് ബ്ലോക്കിൽ നിർമ്മിച്ചിരിക്കുന്നത്. നാടുകാണിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ അന്യജില്ലയിൽ നിന്നുള്ള അപേക്ഷകരെ പരിഗണിക്കാൻ കഴിയുമായിരുന്നില്ല. ഈ പോരായ്മ പരിഹരിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ യുവാക്കൾക്ക് താമസിച്ച് പഠിക്കുന്നതിന് ഐ.ടി.ഐ യോട് ചേർന്ന് ഹോസ്റ്റൽ കൂടി പൂർത്തിയാക്കിയിട്ടുണ്ട്. 100 ആൺകൂട്ടികൾക്ക് താമസിക്കുന്നതിന് 3.42 കോടി കിഫ്ബി ഫണ്ട് മുഖേന കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ഹോസ്റ്റൽ നിർമ്മിച്ചത്. സംസ്ഥാനത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ആദ്യമായാണ് ഐ.ടി.ഐയിൽ ഹോസ്റ്റൽ നിർമ്മിക്കുന്നത്.
ഐ.ടി.ഐ യുടെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. റോഷി ആഗസ്റ്റ്യൻ എം.എൽ.എ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി എന്നിവർ സംസാരിച്ചു. പട്ടികജാതി പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ നന്ദിയും പറഞ്ഞു. നാടുകാണി ഐ.ടി.ഐയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീകല ഗോപി അദ്ധ്യക്ഷത വഹിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് നാടുകാണി ഐ.ടി.ഐ യുടെയും വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജരേഖരൻ ഹോസ്റ്റലിന്റെയും ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.എൽ. ജോസഫ്, ഊരുമൂപ്പൻ സി.എൻ. ചെല്ലപ്പൻ, പി.ടി.എ. പ്രസിഡന്റ് ഗോപാലകൃഷ്ണൻ പി.എസ്., അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ അനിൽ ഭാസ്‌കർ, പ്രോജക്ട് ആഫീസർ ശ്രീരേഖ കെ.എസ് എന്നിവർ സംസാരിച്ചു.
പുതിയ ബ്ലോക്കിൽ
ആറ് ക്ലാസ് മുറികൾ, ആറ് ലാബുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, ഐ.ടി ലാബ്, ടൂൾ റൂം, ലേഡീസ് അമിനിറ്റി റൂം, ലേഡീസ് ടോയ്‌ലെറ്റ്, സെക്യൂരിറ്റി റൂം, മഴവെള്ള സംഭരണി, ചുറ്റുമതിൽ
പുതിയ ഹോസ്റ്റലിൽ
വിശാലമായ ഡൈനിംഗ് ഹാൾ, കിച്ചൺ, സിക്ക് റൂം, 12 പേർക്ക് വീതം താമസിക്കാനുള്ള 16 റൂമുകൾ, സ്വീകരണമുറി, വാർഡർ റൂം, സ്റ്റോർ റൂം, സ്റ്റാഫ് റൂം, രണ്ട് ടോയ്ലറ്റ് ബ്ലോക്കുകൾ, മഴവെള്ള സംഭരണി, കുഴൽ കിണർ, ചുറ്റുമതിൽ