 
ഇടുക്കി: പുതകിൽ, വട്ടപ്പാറ പട്ടികജാതി കോളനികളിലെ അംബേദ്കർ ഗ്രാമവികസന പദ്ധതികളുടെ ഉദ്ഘാടനം പട്ടിക ജാതി പട്ടിക വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി എം.എം. മണി വീഡിയോ കോൺഫറൻസിലൂടെ അദ്ധ്യക്ഷത വഹിച്ചു. വട്ടപ്പാറ, പുതകിൽ പട്ടികജാതി കോളനികളിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് പൂർത്തിയാക്കിയിട്ടുള്ളത്. സൗരോർജ പ്ലാന്റ്, കുടിവെള്ള പദ്ധതി, റോഡുകൾ, കാൽനടപ്പാത, കംപോസ്റ്റ്, വാട്ടർടാങ്ക്, വട്ടപ്പാറ കോളനിയിൽ കമ്യൂണിറ്റിഹാൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ പൂർത്തികരിച്ചത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ സുരേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. തങ്കച്ചൻ, നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ. അൽഹാഷ് എന്നിവർ സംസാരിച്ചു. ത്രിതലപഞ്ചായത്തംഗങ്ങളായ അമുദ വല്ലഭൻ, പരിമളം ജയഗണേശ്, ഷേർലി വിൽസൺ, പി.രവി തുടങ്ങിയവർ പങ്കെടുത്തു.