തൊടുപുഴ: നഗരസഭയിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവ വാങ്ങുന്ന ഗുണഭോക്താക്കൾ വിവാഹിത/ പുനർവിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് നൽകാത്തവർ 20ന് മുമ്പായി നഗരസഭയിൽ സമർപ്പിക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
പുതുക്കുളം ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം
തൊടുപുഴ: പുതുക്കുളം ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം 12 ന് നടക്കും. കൊവിഡ്- 19 ന്റെ വ്യാപനം രൂക്ഷമായതിനാൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നും പൂജകൾ മാത്രം നടത്തുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
സീറ്റ് ഒഴിവ്
പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിൽ ഏതാനും സീറ്റകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഉടൻ സ്‌കൂളുമായി ബന്ധപ്പെടുക. ഫോൺ: 8289998175, 9446415403.
കൊവിഡ്: രജിസ്ട്രർ ആഫീസ് അടച്ചു
തൊടുപുഴ: സബ് രജിസ്ട്രാർ ആഫീസിലെ ജീവനക്കാരന് കൊവിഡ്- 19 സ്ഥിരീകരിച്ചതിനാൽ ഇയാളുമായി നേരിട്ട് സമ്പർക്കമുള്ള സബ് രജിസ്ട്രാർ ആഫീസിലെയും ഇടുക്കി ജില്ലാ രജിസ്ട്രാർ ആഫീസിലെയും മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പിൽ നിന്ന് നിർദ്ദേശിച്ചു. അതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ രജിസ്ട്രാർ ആഫീസിൽ സൊസൈറ്റി രജിസ്‌ട്രേഷൻ ആക്ട് പ്രകാരമുള്ള സൊസൈറ്റി രജിസ്‌ട്രേഷനും പുതുക്കലും ഉണ്ടായിരിക്കില്ലെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.
തേനീച്ച കോളനി വിതരണം
ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പരിശീലനത്തിൽ പങ്കെടുത്തിട്ടുള്ളവരും ഇപ്പോൾ തേനീച്ച കൃഷി ചെയ്യുന്നവരുമായ കർഷകർക്കും ആവശ്യമായി വരുന്ന തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും 10 മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കോഡ്സിന്റെ ആഫീസിൽ നിന്ന് വിതരണം ചെയ്യും. ഇതോടൊപ്പം പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലം തേനീച്ച കോളനി നഷ്ടപ്പെട്ടിട്ടുള്ള കർഷകർക്ക് തേനീച്ചകളെ മാത്രമായും വിതരണം ചെയ്യും. ഫോൺ: 9496680718, 7306769679.
ആരോഗ്യ ക്ലാസ്
തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല ഗുരുസംഗമം പ്രോജക്ടിന്റെ ഭാഗമായി ദന്ത സംരക്ഷണത്തെക്കുറിച്ച് വെബിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ജെ. സുജാത അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ദീപ്തി രഞ്ജിത് (സണ്ണി ക്ലിനിക് തൊടുപുഴ) ക്ലാസ് നടത്തി.