തൊടുപുഴ: പെൻഷൻ ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ദേശീയ അദ്ധ്യാപകപരിഷത്ത് (എൻ.ടി.യു) പ്രതിഷേധ ദിനം ആചരിച്ചു
കഴിഞ്ഞ നാലര വർഷക്കാലത്തെ ഇടതു സർക്കാറിന്റെ സിവിൽ സർവ്വീസ് വിരുദ്ധ സമീപനങ്ങൾ കൊണ്ട് നിരവധി പ്രയാസങ്ങളാണ് അദ്ധ്യാപകരും സർക്കാർ ജീവനക്കാരും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ നിർത്തലാക്കി സ്റ്റാറ്റിട്ടൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലേറിയ സർക്കാർ തന്നെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പെൻഷൻ ആനുകൂല്യത്തിന്റെ കഴുത്തിന് കത്തി വയ്ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഹരി . ആർ. വിശ്വനാഥ് പറഞ്ഞു.തങ്ങളുടെ പ്രഖ്യാപിത നയപരിപാടികളിൽ നിന്ന് വൃതിചലിച്ച് ആറ് പൊതുമേഖല സ്ഥാപനങ്ങളിൽക്കൂടി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയ ഇടതു സർക്കാർ കോവിഡെന്ന മഹാമാരിയെ അവസരമാക്കി സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുത്തു കൊണ്ടിരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് കേരളത്തിലെഉപജില്ലാ , ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ദിനം ആചരിച്ചു