തൊടുപുഴ: ജില്ലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ.പറഞ്ഞു.. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് എത്ര പട്ടയം നൽകിയാലും പട്ടയം ലഭിക്കുന്ന ഭൂമിയിൽ നിർമ്മാണം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൈവശ ഭൂമിയിൽ നിർമ്മാണ അപേക്ഷകൾ പഞ്ചായത്തുകൾ നിരസിക്കുകയാണ്. ഭൂമി പതിവു ചട്ടങ്ങളിലുള്ള നിബന്ധനകൾ പാലിച്ചുകൊണ്ടു മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നാണ് കേരള ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഈ ചട്ടങ്ങൾ സംസ്ഥനത്താകെ നടപ്പിലാക്കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന പ്രഖ്യാപനം യഥാർത്ഥമാണോയെന്ന് സർക്കാർ വ്യക്തമാക്കണം.
ഭൂമി പതിവു ചട്ടങ്ങൾ ഇടുക്കി ജില്ലയിൽ മാത്രം നടപ്പിലാക്കിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇത് ഇടുക്കി ജില്ലയോടുള്ള വെല്ലുവിളിയാണ്. ഭൂമിപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് സർവ്വകക്ഷി യോഗത്തിലെ തീരുമാനം നടപ്പിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) പാർട്ടി നടത്തി വരുന്ന സമരം തുടരാൻ തീരുമാനിച്ചതായി പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. ചെറുതോണിയിലെ കർഷക സമരം അൻപതു ദിവസം പിന്നിടുന്ന ഒക്‌ടോബർ 13 ന് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫ്രാൻസിസ് ജോർജ് എക്‌സ് എം.പി., മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ, അഡ്വ. തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, ബേബി പതിപ്പിള്ളി, ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ്, വി.എ. ഉലഹന്നാൻ, ഫിലിപ്പ് മലയാറ്റ്, ടി,ജെ.ജേക്കബ്, എം.ജെ.കുര്യൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, സാജു പട്ടരുമഠം, കെ.കെ.വിജയൻ, അഡ്വ. എബി തോമസ്, ബിനു അണക്കര, ഷൈനി സജി, തോമസ് തെക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.