തൊടുപുഴ: പട്ടികവർഗക്കാരനായ എം.ആർ. അജിത്തിന് ഖാദിബോർഡിൽ നിന്ന് സമ്മാന കൂപ്പൺ പ്രകാരം ലഭിച്ച 10 സ്വർണ നാണയങ്ങൾ ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തതിൽ നടപടി സ്വീകരിക്കണമെന്ന് ഗോത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മോഹനൻ വെട്ടുകല്ലേലും സെക്രട്ടറി പി.വി. ദിലീപ്കുമാറും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അജിത്തിന്റെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്ര് ഉപയോഗിച്ച് കഴിഞ്ഞവർഷം ഓണത്തിന് ഖാദിയിൽ നിന്ന് 40,​000 രൂപയുടെ തുണി ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.എസ്.യു ജില്ലാ പ്രസിഡന്റും അജിത്തും കൂടി വാങ്ങിയിരുന്നു. ഇക്കാര്യത്തിൽ പർച്ചേ‌സ് ബില്ലിലെ തുണിയുടെ ബിൽ തുക പോലും നാളിതുവരെ നൽകിയിട്ടില്ല. പർച്ചേ‌സിന് സമ്മാനം അടിച്ചതായി ഖാദി ആഫീസിൽ നിന്ന് വിളിച്ചറിയിച്ചിരുന്നു. ഇക്കാര്യം അജിത് ജിയോയെ അറിയിച്ചു. സ്വർണം വാങ്ങാൻ താനും കൂടി മന്ത്രിയുടെ അടുത്തു വരാമെന്ന് ജിയോ അറിയിച്ചു. സ്വർണനാണയം വാങ്ങി തിരികെ തൊടുപുഴയിലെത്തിയപ്പോൾ രാത്രിയായതിനാൽ സ്വർണനാണയം അജിത് ഒറ്റയ്ക്ക് കൊണ്ടുപോകേണ്ടെന്നും താൻ സൂക്ഷിച്ചുകൊള്ളാമെന്നും പറഞ്ഞ് ജിയോ തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. അടുത്ത ദിവസം അജിത് സ്വർണം ചോദിച്ചപ്പോൾ ജിയോ ഭീഷണിപ്പെടുത്തിയതായും ഭാരവാഹികൾ പറയുന്നു. പട്ടികവർഗക്കാരനായ അജിത്തിന് ജീവന് ഭീഷണിയുള്ളതായും പൊലീസ് മതിയായ സംരക്ഷണം ഉറപ്പുവരുത്തണം. സംഭവം അന്വേഷിച്ച് ശക്തമായ നടപടിയുമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഗോത്രസംരക്ഷണ സമിതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ തീരുമാനിച്ചതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.