തൊടുപുഴ: സ്വർണം തട്ടിയെടുത്തെന്ന പരാതി അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലും പറയാത്ത കാര്യങ്ങളാണ് പുതിയതായി ആരോപിക്കുന്നത്. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ 2019ലെ ഓണം മേള സമയത്ത് 21963 രൂപയുടെ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. 2019 ഒക്ടോബർ 30ന് നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ തനിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. കൂപ്പണിന്റെ കൗണ്ടർ ഫോയിൽ എന്റെ പേരിലുള്ളതാണ്. സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ തുണിത്തരങ്ങൾ വാങ്ങുന്നതിനുള്ള ഖാദി ബോർഡിന്റെ സ്‌കീം നിലവിലുണ്ടായിരുന്നു. ഇതനുസരിച്ച് തവണ വ്യവസ്ഥയിൽ പണം അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാകാൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറും യൂത്ത് കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റുമായിരുന്ന എം.ആർ അജിത്തിന്റെ പേരിലായിരുന്നു തന്റെ പർച്ചേസ് ബിൽ ചെയ്തിരുന്നത്. ഒരേ ബിൽ പ്രകാരമല്ല താനും അജിത്തും സാധനങ്ങൾ വാങ്ങിയത്. അടയ്ക്കേണ്ട പണം യഥാസമയം അജിത്തിനെ ഏൽപ്പിച്ചിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് വൈരമാണ് ഇപ്പോഴുള്ള പരാതികൾക്കും വിവാദങ്ങൾക്കും പിന്നിൽ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോൾ തന്നെയും കോൺഗ്രസ് പാർട്ടിയെയും സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് ഇതിന്റെ പിന്നണിയിലുള്ളവർ പിൻമാറണമെന്നും ജിയോ മാത്യു ആവശ്യപ്പെട്ടു.