poly

വയിപ്പെരിയാർ: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖല സമ്പൂർണ്ണതയിലേക്ക് നീങ്ങുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വണ്ടിപ്പെരിയാറ്റിൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അക്കാഡമിക് ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പഴയ സ്ഥിതി മാറി. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മാറി കഴിഞ്ഞു. ഇനി വികസനം നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ രംഗത്താണ്. മെച്ചപ്പെടലിനായി സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. കൂടുതൽ നിക്ഷേപം നടത്താനും ഭൗതീക സാഹചര്യം വർധിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.

ഇ എസ് ബിജിമോൾ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ജില്ലക്ക് സർക്കാരിന്റെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും കിഫ്ബിയുടെ പ്രവർത്തനം വികസന കുതിപ്പിന് സഹായിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. പ്രാദേശിക ചടങ്ങിൽ ഇ എസ് ബിജിമോൾ എം എൽ എ ശിലാഫലകം അനാശ്ചാദനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ബൈജുബായ് ടി പി, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയ സൂര്യൻ, വണ്ടിപ്പെരിയാർ ജി പി റ്റി സി പ്രിൻസിപ്പാൾ വേണുഗോപാൽ ജി, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി ടി എ ഭാരവാഹികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
അക്കാഡമിക് ബ്‌ളോക്ക് :

10.42 കോടിയുടെ പദ്ധതി

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയുടെ സഹായത്തോടെ 10.42 കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും ലാബുകളും സെമിനാർ ഹാളും ഉൾപ്പെടുത്തിയാണ് അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.