ഇടുക്കി: കേരളപ്പിറവി ദിനത്തിൽ ജില്ലയിൽ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നൂറ് കർഷക വിപണികൾ ആരംഭിക്കും. ഭക്ഷ്യോത്പ്പാദനം വർദ്ധിപ്പിക്കുന്നതിനുളള സംസ്ഥാന സർക്കാരിന്റെ മഹായജ്ഞമായ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷക വിപണികൾ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്.
കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ സഹകരണ സംഘം പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പ്പന്നങ്ങൾ മതിയായ വില ഉറപ്പുവരുത്തും. പ്രാദേശിക തലത്തിൽ അധികമായുളള ഉത്പന്നങ്ങൾ സംഭരിച്ച് ജില്ലയുടെ തന്നെ മറ്റ് ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി നടപടി സ്വീകരിക്കും. സഹകരണ സംഘങ്ങളുടെ ഏകോപിപ്പിച്ചുളള പ്രവർത്തനം ഇതിനായി രൂപപ്പെടുത്തി. ജില്ലയിലെ നാട്ടുചന്തകളും ഇക്കോഷോപ്പുകളും വിവിധ ഏജൻസികളും സംഭരണത്തിലും വിപണനത്തിലും കൂടുതൽ കാര്യക്ഷമമായി ഇടപെടും. കർഷകർക്ക് വിപണി വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്കു മികച്ച ഉത്പ്പന്നങ്ങൾ ലഭിക്കുന്നതിനും കാർഷിക വിപണി സഹായിക്കുമെുന്നു യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗ്ഗീസ്, സഹകരണ ജോയിന്റ് രജിസ്ട്രാർ അൻസാരി, അസിസ്റ്റന്റ് രജിസ്ട്രാർ സി.സി.മോഹൻ, വിവിധ സംഘം പ്രസിഡന്റുമാരായ സി.വി.വർഗ്ഗീസ്, ജോർജ് കുഞ്ഞപ്പൻ, കെ.രാജേഷ്, എം.എസ്. വാസു, ഒ.ബി. ദിലീപ് കുമാർ, സി.ആർ. ദിലീപ് കുമാർ, റോമിയോ സെബാസ്റ്റ്യൻ, എ.ബി. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.