തൊടുപുഴ: നിരോധനാജ്ഞ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനാകാതെ ജില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം ജില്ലയിൽ വളരെ കുറവാണെങ്കിലും എപ്പോൾ വേണമെങ്കിലും സ്ഥിതി മാറാമെന്നതാണ് അവസ്ഥ. നിലവിലെ സാഹചര്യം തുടർന്നാൽ അധികം വൈകാതെ തന്നെ ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 200 കവിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. കൂടുതൽ പേർക്ക് വീട്ടിൽ ചികിത്സ നൽകിയാലും ആശുപത്രികളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും നിറയുന്ന സ്ഥിതി വരും. ജില്ലയിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് തയ്യാറായിട്ടില്ലെന്നതും ഓർക്കണം. പ്രതിദിനം 100 രോഗികൾക്ക് ആശുപത്രി സൗകര്യം ഒരുക്കേണ്ടി വന്നാൽ തന്നെ ഒരു മാസത്തിനുള്ളിൽ ജില്ലയിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളിയിലേക്ക് നീങ്ങും. ഇതിനെ മറികടക്കാൻ രോഗികളുടെ എണ്ണം വർദ്ധിക്കാതെ നോക്കുക മാത്രമാണ് ഏക മാർഗം. അതീവ ഗുരുതര സാഹചര്യത്തിലുള്ളവർക്ക് മാത്രമാണ് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശനം. പ്രതിരോധ നിർദേശങ്ങൾ പൊതുജനം കൃത്യമായി പാലിക്കാത്തതാണ് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആൾക്കൂട്ട നിയന്ത്രണത്തിന് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടും നിരത്തിൽ ആളൊഴിയുന്നില്ല. ബാങ്കുകൾ, സർക്കാർ ആഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിക്കുകയാണ്. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനമെങ്കിലും പുറത്ത് കാത്ത് നിൽക്കുന്നവർക്കിടയിലെ സ്ഥിതി വിപരീതമാണ്. ചില ബാങ്കുകൾക്ക് മുന്നിൽ രാവിലെ തന്നെ വലിയ തിരക്ക് കാണാം. പെൻഷൻ ഉൾപ്പെടെ വാങ്ങാനെത്തുന്ന സാധാരണക്കാരനെ തിരെ നിരോധനാജ്ഞാ ലംഘനത്തിന് കേസെടുക്കുന്നതിന് പൊലീസിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഉപഭോക്താക്കളെ നിയന്ത്രിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമല്ല.