തൊടുപുഴ: ജില്ലയിലെ കരിങ്കൽ ക്വാറികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ലോ‌ഡ് കടത്തിയ 10 ലോറികൾ പിടിച്ചെടുത്തു. സംസ്ഥാനവ്യാപകമായി വിജിലൻസ് നടത്തിയ ഓപ്പറേഷൻ സ്റ്റോൺ വാളിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തൊടുപുഴ,​ മുട്ടം,​ കരിങ്കുന്നം എന്നിവിടങ്ങളിലെ മൂന്ന് ക്വാറികൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഇടുക്കി വിജിലൻസ് പരിശോധന നടത്തിയത്. അനുവദിച്ചതിലുമധികം ലോഡ് കയറ്റിയതിന് അഞ്ച് ലോറികളും പാസില്ലാതെ കല്ല് കടത്തിയതിന് രണ്ട് ലോറികളും പിടിച്ചെടുത്തു. പാസില്ലാതെ ഓവർലോഡ് കയറ്റിയ മൂന്ന് ലോറികളും വിജിലൻസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പാസില്ലാതെ കടത്തിയ ലോറികൾ ജിയോളജി വകുപ്പിനും ഓവർലോഡ് കയറ്റിയവ ആർ.ടി.ഒയ്ക്കും കൈമാറും. പിഴയും മറ്റ് ശിക്ഷാ നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിക്കും. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെ നിർദേശപ്രകാരം സി.ഐമാരായ കെ.എൻ. രാജേഷ്, ടിപ്സൺ തോമസ്, പി.വി. വിനേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.