തൊടുപുഴ: ഉടുമ്പൻചോല സേനാപതിയിൽ പീഡിപ്പിക്കപ്പെട്ട ആറ് വയസുകാരിക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി- മഹിളാ മോർച്ച ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസിന്റെയും സി.പി.എമ്മിന്റെയും ഉന്നത ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീള ദേവി പറഞ്ഞു. ബി.ജെ.പി- മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി.പി.എം അനുഭാവിയായ പ്രതിക്കെതിരെ പോക്‌സോ കുറ്റമാണ് രജിസ്റ്റർ ചെയ്തതെങ്കിലും ദുർബലമായ വകുപ്പുകളാണ് ചേർത്തത്. സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും അവർ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ രമ്യാ രവീന്ദ്രൻ, സൗമ്യ ജനീഷ്, ശ്രീവിദ്യാ രാജേഷ് എന്നിവർ പങ്കെടുത്തു.