ഇടുക്കി:ജലജീവൻ പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനോദ്ഘാടനം ഇരട്ടയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്നു. മന്ത്രി എം.എം.മണി ഉദ്ഘാടന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനശേൻ സ്വാഗതം പറഞ്ഞു.എം.എൽ.എമാരായ പി ജെ ജോസഫ്, റോഷി അഗസ്റ്റിൻ, ഇ.എസ് ബിജിമോൾ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കു ചേർന്നു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ കെ. കെ അനിൽകുമാർ റിപ്പോർട്ടവതരിപ്പിച്ചു. ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ.ഷീല, റ്റി.എസ് അനിരുദ്ധൻ, ഇ.ജെ ആന്റണി, റ്റി.എൻ.മോഹനൻ എന്നിവർ പങ്കെടുത്തു.
വിവരങ്ങൾ സുതാര്യം
ജില്ലയിൽ 43837 ഗ്രാമീണ ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് 134.51 കോടി രൂപയ്ക്ക് സംസ്ഥാന ജലശുചിത്വ സമിതി ഭരണാനുമതി നൽകി. ആദ്യഘട്ടം 32 പഞ്ചായത്തുകളിലായി 36413 കണക്ഷനുകൾ നൽകാനാണ് ലക്ഷ്യം. ശേഷിക്കുന്ന 1,90,159 ഗ്രാമീണ ഭവനങ്ങൾക്ക് 2024 ഓടു കൂടി കണക്ഷനുകൾ നൽകാനാണ് വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ വിവരങ്ങൾ വെബ്‌സൈറ്റിലൂടെ ആർക്കും അറിയാൻ സാധിക്കും വിധത്തിൽ സുതാര്യവും സമയബന്ധിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരള വാട്ടർ അതോറിറ്റിയും ജലനിധിയുമാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസികൾ. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സമിതികൾ രൂപീകരിച്ചാണ് കേന്ദ്ര സഹായം കൂടിയുള്ള പദ്ധതിയുടെ പ്രവർത്തനം സാദ്ധ്യമാക്കുന്നത്.
സംസ്ഥാനതല
ഉദ്ഘാടനം നടത്തി
എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും 2024 ഓടു കൂടി കുടിവെള്ളം എത്തിക്കുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആരംഭിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. 49, 65000 ഗ്രാമീണ കുടുംബങ്ങൾക്ക് അടുത്ത നാല് വർഷത്തിനിടെ പൈപ്പിലൂടെ വർഷം മുഴുവൻ കുടിവെള്ളം ലഭ്യമാക്കുകയാണ് മിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 21,42000 ഗാർഹിക പൈപ്പ് കണക്ഷൻ നല്കും. 716 പഞ്ചായത്തുകളിലായി 4343 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നല്കിയിട്ടുണ്ട്.ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രിഎ.സി.മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ധന മന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത , തുടങ്ങിയവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.