തൊടുപുഴ: ടാപ്പിംഗ്‌ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു. കരിങ്കുന്നം പ്ലാന്റേഷൻ ഞാവള്ളി കൂന്താനത്ത്‌ സേവ്യർ ചാക്കോ (62), ഭാര്യ റിട്ട. അദ്ധ്യാപികയായ ലില്ലിക്കുട്ടി (60) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഇവരുടെ റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തിയിരുന്ന കണ്ടത്തിൻകരയിൽ കൃഷ്ണൻകുട്ടിയെ (60) കരിങ്കുന്നം പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൃഷ്ണൻ കുട്ടിയെ അടുത്ത നാളിൽ ഇവർ ടാപ്പിംഗ്‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ ഇന്നലെ വാക്കത്തിയുമായെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലില്ലിക്കുട്ടിയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.