തൊടുപുഴ: കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ അനധികൃത പണപ്പിരിവും ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെ ഇന്ധനക്കണക്കിൽ വൻ വെട്ടിപ്പും നടത്തിയതായി വിജിലൻസിന് പരാതി. ഇതേ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ആഫീസർ ഷാനവാസാണ് തെളിവ് സഹിതം വിജിലൻസിന് പരാതി നൽകിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥകളടക്കമുള്ളവരുടെ പേരിലാണ് ആരോപണം. പൊലീസ് സ്റ്റേഷനിലെ ഡിപ്പാർട്ട്‌മെന്റ് വക സ്‌കൂട്ടറിൽ ഇന്ധനമടിക്കുന്നതിന്റെ പേരിലാണ് വെട്ടിപ്പ്. വാഹന ഓട്ടം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തുന്നില്ല. വാഹനത്തിന്റെ മീറ്റർ റീഡിങ്ങും ഡയറിൽ രേഖപ്പെടുത്തിയിരിക്കുന്ന കണക്കും തമ്മിൽ വലിയ അന്തരമാണുള്ളത്. പ്ലാവിൽ നിന്ന് വീണ് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന്റെ പേരിൽ നടത്തിയ പണപ്പിരിവിലും വ്യാപക വെട്ടിപ്പ് നടന്നതായി പരാതിയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പുറത്തു നിന്ന് പിരിവ് നടത്തുന്നത് തന്നെ ചട്ടലംഘനമാണെന്നിരിക്കെയാണ് ഇതോടൊപ്പം വെട്ടിപ്പും അരങ്ങേറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചിന് സ്റ്റേഷൻ പി.ആർ.ഒ യെ ജില്ലാ പൊലീസ് മേധാവി ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.