bus-stand
തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ്

തൊടുപുഴ: കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിനെ ചൊല്ലി നഗരസഭയും കെ.എസ്.ആർ.ടി.സിയും തമ്മിൽ തുറന്ന പോര്. മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസിന്റെ അതേസമയത്ത് തന്നെ ബോധപൂർവം കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. തോമസ് തൊടുപുഴ സി.ഐയ്ക്കും നഗരസഭാ ചെയർപേഴ്സണും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് ക്രമീകരണ സമിതി ചെയർപേഴ്സൺ കൂടിയായ നഗരസഭാദ്ധ്യക്ഷ സിസിലി ജോസ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയതോടെയാണ് സംഭവം വിവാദമായത്. എട്ട് മുതൽ 10 വരെ കെ.എസ്.ആർ.ടി.സി ബസുകളാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ അതുമതിയുള്ളതെന്നും എന്നാൽ പത്തിലേറെ ബസുകൾ പാർക്ക് ചെയ്യുന്നുണ്ടെന്നും ചെയർപേഴ്സന്റെ കത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി മുനിസിപ്പൽ സ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥൻ സ്റ്റാൻഡിന്റെ നിയന്ത്രണം സ്വമേധയാ ഏറ്റെടുത്ത് സ്വകാര്യ ബസുകളുടെ സമയക്രമത്തിൽ ഇടപെട്ട് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കത്തിൽ പറയുന്നുണ്ട്. എന്നാൽ, ചെയർപേഴ്സന്റെ കത്തിലുള്ളത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ഇടുക്കി ഡി.ടി.ഒ മനീഷ് നൽകിയ മറുപടിയിൽ പറയുന്നു. നഗരസഭയുടെ ബസ് സ്റ്റാൻഡുകൾ കെ.എസ്.ആർ.ടി.സിയ്ക്കും സ്വകാര്യ ബസുകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. കേരളത്തിലെ ഏത് മുനിസിപ്പൽ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യാമെന്ന് ഗവർണറുടെ ഉത്തരവുണ്ടെന്ന് ഡി.ടി.ഒയുടെ മറുപടിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയുടെ സർവീസ് കാര്യക്ഷമമാക്കുന്നതിനായി പ്രത്യേകമായി ജീവനക്കാരെ കേരളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊടുപുഴ നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡിലും ജീവനക്കാർ ഉണ്ട്. നിയമവിരുദ്ധമായ നടപടികൾ ഒന്നും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഡി.ടി.ഒയുടെ മറുപടി കത്തിൽ പറയുന്നു.

'കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യ ബസ് ജീവനക്കാരെ അസഭ്യം പറയുന്നതടക്കം പരാതിയുണ്ട്. ഇതിനെല്ലാം ധിക്കാരപരമായ മറുപടിയാണ് ഡി.ടി.ഒ നൽകിയത്. നിഷേധാത്മക നിലപാട് തുടർന്നാൽ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾ അടുത്ത കൗൺസിൽ യോഗത്തിലെടുക്കും. "

-സിസിലി ജോസ് (നഗരസഭാ ചെയർപേഴ്സൺ)​

'മുനിസിപ്പൽ സ്റ്റാൻഡ് സ്വകാര്യ ബസുകൾക്ക് മാത്രമാണെന്ന തരത്തിലുള്ള ചെയർപേഴ്സന്റെ നിലപാട് ശരിയല്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോടും മോശമായി പെരുമാറരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ലോറി സ്റ്റാൻഡ് ഏറ്റെടുത്താൽ മറ്റ് എവിടെ നിന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്യണമെന്ന കാര്യം കെ.എസ്.ആർ.ടി.സി ഉന്നത അധികാരികൾ തീരുമാനിക്കും."

- മനേഷ് (ഡി.ടി.ഒ)​

'പൊതുവെ യാത്രക്കാർ കുറഞ്ഞ ഈ സമയത്ത് സ്വകാര്യ ബസുകളെ മനഃപൂർവം പ്രതിസന്ധിയിലാക്കുന്നതിന് വേണ്ടിയാണ് ചില കെ.എസ്.ആർ.ടി.സി ജീവനക്കാർ ശ്രമിക്കുന്നത്. സ്വകാര്യ ബസിന് മുന്നിലും പുറകിലുമായി കെ.എസ്.ആർ.ടി.സി ബസുകൾ ബോധപൂർവം ഓടിക്കുകയാണ്. ചോദ്യം ചെയ്താൽ മോശം പെരുമാറ്റമാകും ഫലം. അതാണ് പരാതി നൽകാൻ തീരുമാനിച്ചത്."

-കെ.കെ. തോമസ് (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)​