തൊടുപുഴ: ജില്ലയിലെ 24 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന നഗരസഭകളും തൊടുപുഴ ബ്ലോക്കുമുൾപ്പെടെ 27തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി സർട്ടിഫിക്കറ്റും ഉപഹാരവും ഇന്ന് ലഭിക്കും. 27 തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ശുചിത്വ പദവി സർട്ടിഫിക്കറ്റ് ദാനവും ഉപഹാര സമർപ്പണവും ഇന്ന് രാവിലെ 10ന് നടക്കും. സംസ്ഥാന സർക്കാരിന് വേണ്ടി തയ്യാറാക്കിയ ശിൽപ്പവും ശുചിത്വ പദവി സർട്ടിഫിക്കറ്റും ഇതിനകം എല്ലാ ശുചിത്വ പദവി പഞ്ചായത്തുകളും എത്തിച്ചു. ഹരിതകേരളം പ്രവർത്തനങ്ങളുടെ ഭാഗമായ ഖരമാലിന്യ സംസ്‌കരണത്തിലും പരിപാലനത്തിലും കൈവരിച്ച മികവിലാണ് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നത്. തൊടുപുഴ നഗരസഭയിൽ ഡീൻ കുര്യാക്കോസ് എം.പിയും കട്ടപ്പന നഗരസഭയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ഡീൻ കുര്യാക്കോസ് എം.പിയും ഏലപ്പാറയിൽ ഇ.എസ്. ബിജിമോൾ എം.എൽ.എയും മാങ്കുളത്ത് എസ്. രാജേന്ദ്രൻ എം.എൽ.എയും സംസ്ഥാന സർക്കാരിനു വേണ്ടി ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.