വെള്ളിയാമറ്റം: കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിത ശേഷി കുട്ടികൾ സ്വയം ആർജ്ജിക്കുന്ന മഞ്ചാടിക്കൂടാരം പദ്ധതി യുടെ പഠന കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്‌ക്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ഒരോ പഞ്ചായത്തുകളിൽ വീതമാണ് ആദ്യ ഘട്ടത്തിൽ പൈലറ്റ് പ്രൊജക്ടായി പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ വെള്ളിയാമറ്റം പഞ്ചായത്തിലാണ് 'മഞ്ചാടി കൂടാരം' പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച ആനിമേറ്റർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് ഇതിന്റെ ഭാഗമായുള്ള പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള ഗണിത പഠനമാണിപ്പോൾ നടക്കുന്നത്. ഇതിനായി തയ്യാറാക്കിയ ഗണിത പഠന കിറ്റുകളുടെ വിതരണോദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ നിർവഹിച്ചു. യോഗത്തിന് ഡിമിന മുരളി സ്വാഗതവും ഹസീന ഹാരിസ് നന്ദിയും പറഞ്ഞു.
കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ പന്ത്രണ്ട് മുതൽ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള രക്ഷിതാക്കളുടെ യോഗം ഞായറാഴ്ച്ച രാവിലെ 11 ന് നടത്തുമെന്ന് മഞ്ചാടി ജില്ലാ കോ.ഓർഡിനേറ്റർ വി.വി.ഷാജി, അനിമേറ്റർ അശ്വതി.വിഗോപാൽ എന്നിവർ അറിയിച്ചു.