കട്ടപ്പന: കഴിഞ്ഞ ഒരു വർഷത്തിനിടെ മാലിന്യവുമായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭ പിഴയീടാക്കിയത് രണ്ടര ലക്ഷം രൂപ. പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപകരിൽ നിന്ന് 1,12170 രൂപയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തിയവരിൽ നിന്ന് 1,28020 രൂപയുമാണ് പിഴ ഈടാക്കിയത്. കട്ടപ്പന നഗരസഭ ശുചിത്വപദവി നേട്ടങ്ങൾക്കായി രാപകൽ പണിയെടുക്കുന്നത് നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരും പത്തോളം വരുന്ന ശുചീകരണ തൊഴിലാളികളുമാണ്. നഗരസഭയിലെ 52.77 സ്‌ക്വയർ കി.മീറ്റർ ചുറ്റളവിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുഴുവൻ നിർവഹിക്കുന്നത് എണ്ണത്തിൽ കുറവായ ശുചീകരണ തൊഴിലാളികൾ. നഗരവും നാടും ഉറക്കത്തിലായിരിക്കുമ്പോൾ അതിപുലർച്ചെ മൂന്നിന് ആരംഭിക്കുന്ന ശുചീകരണ ജോലികൾ അവസാനിക്കുന്നത് വൈകിട്ട് അഞ്ച് മണിയാകുമ്പോഴാണ്.