ഇടുക്കി : ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിൻവാങ്ങുന്നുവെന്ന ധാരണ മാറ്റിക്കുറിച്ച് ഇടുക്കി. അഞ്ച് വർഷംകൊണ്ട് പ്രതിദിന ഉത്പ്പാദന രംഗത്ത് പതിമൂന്ന് ശതമാനം വർദ്ധനവിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. ഒരുദിവസം 1,69000 ലിറ്റർ പാൽ അളക്കുന്ന നിലയിലേയ്ക്ക് ഒരു മുന്നേറ്റം തന്നെ ഈ മേഖലയിലുണ്ടായി.
ജില്ലയിൽ 14000 ഓളം കർഷകരാണ് പാല് വിറ്റ് തങ്ങളുടെ ഉപജീവന മാർഗം കണ്ടെത്തുന്നത്.. ജില്ലയിലെ ക്ഷീരസംഘങ്ങൾ മുഖേനയുള്ള പാൽ സംഭരണം, വിതരണം, ക്ഷീരകർഷകർക്ക് ആവശ്യമുള്ള കാലിത്തീറ്റ, വൈക്കോൽ, എന്നിവയുടെ സുഗമമായ നീക്കം എന്നിവ കൊവിഡ് പ്രതിസന്ധിക്കിടയിലും സുഗമമായി നടന്നു. ലോക്ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ എല്ലാ ക്ഷീരസംഘങ്ങളും രണ്ടു നേരവും ക്ഷീരകർഷകരിൽ നിന്നും പാൽ ശേഖരിക്കാൻകഴിഞ്ഞു.മിൽമയുടെ മാർക്കറ്റിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗൻവാടികൾ, അതിഥി ക്യാമ്പുകൾ എന്നിവ മുഖേന പാൽ വിതരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്. ജില്ലാ ലേബർ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് പാൽ ആവശ്യമുള്ളവരുടെ വിവരം ശേഖരിച്ചു. .ജില്ലയിൽ 190 ക്ഷീരസംഘങ്ങളിലൂടെ 5553 കർഷകർക്ക് 18,50,537 രൂപ ആശ്വാസ ധനസഹായമായി വിഷുവിനു മുൻപ് തന്നെ എല്ലാ കർഷകരുടെയും കൈകളിലെത്തി. ഇതോടൊപ്പം ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്ത 2626 ക്ഷീരകർഷകർക്ക് 15,06,942 / രൂപ വിവിധ ക്ഷീരസംഘങ്ങൾ മുഖേന വിതരണം ചെയ്തതായി ഇക്കാലയളവിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജിജാ കൃഷ്ണൻ പറഞ്ഞു.
.
ക്ഷീരഗ്രാമത്തിൽ ചക്കുപള്ളം
സംസ്ഥാനത്ത് തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി യിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു.. 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, മിനറൽ മിക്സ്ചർ,ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണം തുടങ്ങിയ പദ്ധതികൾക്കായി ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലെ കർഷകർക്ക് ആകെ 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകുക. ക്ഷീരഗ്രാമം പദ്ധതിയിലൂടെ നഷ്ടത്തിൽ വലയുന്ന ക്ഷീരകർഷകർക്കും ആശ്വാസവും സാമ്പത്തിക അഭിവൃദ്ധിയും സൃഷ്ടിക്കാനാകും. പശുക്കളുടെ എണ്ണത്തിനു അനുസരിച്ചാണ് കർഷകർക്ക് സബ്സിഡി നൽകുന്നത്.
വൈക്കോലും തീറ്റപ്പുല്ലും
411.18 മെട്രിക്ക് ടൺ വൈക്കോലും 26.33 മെട്രിക്ക് ടൺ തീറ്റപ്പുല്ലും 1.3 മെട്രിക്ക് ടൺ സൈലേജും 57.89 മെട്രിക്ക് ടൺ കാലിത്തീറ്റയും കൊവിഡ് കാലത്ത് ക്ഷീരകർഷകർക്കായി വിതരണം ചെയ്തു.
759 ഫാമുകൾ
214 ക്ഷീരസംഘങ്ങൾ
2019 മാർച്ചു വരെയുള്ള കണക്കനുസരിച്ച് ചെറുതും വലുതുമായി 759 ഫാമുകൾ പ്രവർത്തിക്കുന്നു കഴിഞ്ഞ ഓഗസ്റ്റ് വരെ രജിസ്റ്റർ ചെയ്ത 214 ക്ഷീരസംഘങ്ങളിൽ 194 എണ്ണം പ്രവർത്തനരംഗത്ത് വളരെ മികവും പുലർത്തുന്നുണ്ട്.