ഇടുക്കി: തമിഴ്നാടിന് കുടിനീരും കേരളത്തിന് ആശങ്കയും നൽകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 125 വയസ്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ബ്രിട്ടീഷുകാരനായ എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്ക് 1895 ഒക്‌ടോബർ 10ന് പൂർത്തിയാക്കിയ അണക്കെട്ട് ഇന്നും തലയുയർത്തി നിൽക്കുകയാണ്. തമിഴ്നാടിലെ വൈഗ നദിയുടെ താഴ് വരയിലുള്ളവർക്ക് ജലസേചനത്തിനായി നിർമിച്ച ഈ അണക്കെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കുന്നു. ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാടും എന്നാൽ അത് അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് കേരളവും വാദിക്കുന്നു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. ഇപ്പോഴും ഇരുസംസ്ഥാനങ്ങളും തമ്മിൽ ഇക്കാര്യത്തിൽ നിയമപോരാട്ടം തുടരുകയാണ്.
അണക്കെട്ടിന് കീഴെ വസിക്കുന്നവരുടെ നെഞ്ചിൽ ഡാം നിറയുന്നതിനൊപ്പം ഭീതിയും നിറയും. എന്നാൽ തമിഴ്നാട്ടിലെ തേനിയും മധുരയുടമക്കമുള്ള പ്രദേശങ്ങളിലെ വീടുകളിലെ ചുമരുകളിൽ ദൈവങ്ങൾക്കൊപ്പം ഒരു സായിപ്പിന്റെ ചിത്രം കൂടിയുണ്ട്, മുല്ലപ്പെരിയാർ ഡാമിന്റെ ശിൽപ്പി പെന്നിക്വിക്കിന്റേത്. ഒരു ജനതയുടെയാകെ ജീവിതം മാറ്റിമറിച്ച പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15ന് തമിഴ്നാട്ടിൽ പൊതുഅവധിയാണ്. കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. ജോൺ തന്റെ തറവാട് വിറ്റ പണം കൊണ്ടാണ് മുല്ലപ്പെരിയാർ ഡാം നിർമിച്ചതെന്നാണ് തമിഴരുടെ വിശ്വാസം. വെള്ളമില്ലാതെ വരണ്ട് കൃഷിയോഗ്യമല്ലാതിരുന്ന തേനി, മധുര, ദിണ്ഡികൽ, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളിൽ മുല്ലപ്പെരിയാർ ഡാം വന്നതിന് ശേഷമുണ്ടായ മാറ്റം അദ്ഭുതാവഹമായിരുന്നു. വൈഗ നദിയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ ഇന്ന് തമിഴ്നാടിന്റെ മാത്രമല്ല കേരളത്തിന്റെയും കാർഷികനട്ടെല്ലാണ്.
ആ കഥ ഇങ്ങനെ
1876ൽ മദ്രാസ് പ്രവിശ്യയിലുണ്ടായ കടുത്ത വറുതിയിൽ ലക്ഷങ്ങൾ മരിച്ചതോടെയാണ് ബ്രിട്ടീഷ് സർക്കാർ പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിട്ട് ഗ്രാമപ്രദേശങ്ങളിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ തീരുമാനിച്ചത്. 1882ൽ പെരിയാറിൽ ഡാം നിർമിക്കുന്നതിനുള്ള പെന്നിക്വിക്ക് സമർപ്പിച്ച റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു. തുടർന്ന് 1887ലാണ് പെന്നിക്വിക്ക് മൂവായിരം തൊഴിലാളികളുമായി വന്യജീവികളുള്ള കൊടുംകാട്ടിൽ പ്രതികൂലമായ കാലാവസ്ഥയിൽ ഡാമിന്റെ നിർമാണം ആരംഭിക്കുന്നത്. നിർമാണം ആരംഭിച്ച അണക്കെട്ടിന്റെ പലഭാഗങ്ങളും രണ്ടുവട്ടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്രേ. ഇതിനിടെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചും അപകടത്തിലും പ്രകൃതിദുരന്തത്തിലും നിരവധി തൊഴിലാളികൾ മരിച്ചു. അണക്കെട്ട് നിർമാണം ഉപേക്ഷിക്കാനും അതുവരെയുള്ള നഷ്ടം പെന്നിക്വിക്കിൽ നിന്ന് ഈടാക്കാനും മദ്രാസ് സർക്കാർ ഉത്തരവിട്ടെന്ന് പറയപ്പെടുന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാത്ത പെന്നിക്വിക്ക് തന്റെ സ്വത്തുക്കളും ഭാര്യയുടെ ആഭരണങ്ങളും വിറ്റ് കിട്ടിയ പണം കൊണ്ട് ഡാം നിർമാണം പൂർത്തിയാക്കിയതായാണ് തമിഴരുടെ വിശ്വാസം.