samaram
നിരാഹാര സമരം

തൊടുപുഴ: വാഹനമില്ലാത്തിനാൽ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് മുഖം മറച്ച് ആരും കാണാതെ കിലോമീറ്ററുകൾ നടന്നെത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചതായി ആരോപണം. ഇതിനെതിരെ ഒരു കുടുംബം തെരുവിൽ നിരാഹാര സമരം ആരംഭിച്ചു. വണ്ടിപ്പെരിയാറിലെ ഒൻപതാം വാർഡ് വരുന്ന ഇഞ്ചിക്കാട് ആറ്റോരം മേഖലയിലാണ് സംഭവം. ഇവിടെക്ക് ആംബുലൻസ് പോലെയുള്ള വാഹനങ്ങൾ എത്തിക്കാൻ കഴിയില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഈ പ്രദേശത്ത് ഏകദേശം 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൺടെയ്ൻമെന്റ് സോണാണ് ഇഞ്ചിക്കാട് ആറ്റോരം മേഖല. ഇവിടങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരോട് ആംബുലൻസ് എത്തുന്ന ഒന്നര രണ്ട് കിലോമീറ്റർ അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങളിലൊ വാഹനങ്ങൾ ഇല്ലാത്തവർ നടന്ന് എത്താനും ആരോഗ്യവകുപ്പ് നിർദേശിച്ചു എന്നാണ് സമരം നടത്തുന്ന കുടുംബം പറയുന്നത്.
ഈ കുടുംബത്തിലെ അഞ്ച് പേർക്ക് പല ഘട്ടങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രായമായ ആളുകൾക്ക് നടന്നെത്താൻ കഴിയാത്ത സ്ഥിതിയുണ്ടായപ്പോൾ വാഹനം എത്തണമെന്ന ആവശ്യം നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചു. എന്നാൽ അതിന് കഴിയില്ലെന്ന നിലപാടാണ് ആരോഗ്യപ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ കുടുംബം പ്രതിഷേധിച്ചു. ഇതോടെ കുടുംബത്തിലെ ഒരു അംഗത്തിനെതിരെ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഇതോടെ കുടുംബം വീടിരിക്കുന്ന പ്രദേശത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

ഉയർന്ന പ്രദേശമായതിനാൽ ആംബുലൻസ് എത്തിക്കാനാകില്ലെന്നും കൊവിഡ് ഭീതിയുള്ളതിനാൽ സ്വകാര്യ വാഹനങ്ങൾ ലഭ്യമല്ലെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.