തൊടുപുഴ: മോട്ടോർ വാഹന വകുപ്പ് സാധാരണക്കാരെ ദ്രോഹിക്കുന്ന രീതിയിൽ വണ്ണപ്പുറത്ത് നടത്തുന്ന വാഹന പരിശോധന അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി കുന്നമ്പുഴയും ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോട്ടോർ വാഹനവകുപ്പ് വണ്ണപ്പുറം കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തുന്നു. ഇതിന്റെ പേരിൽ ഓട്ടോ- ടാക്സി ഡ്രൈവർമാർ ഇരുചക്രവാഹന യാത്രക്കാർ എന്നിവരെ ഉദ്യോഗസ്ഥർ ബലിയാടാക്കുകയാണ്. 500 മുതൽ 15,​000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. അനധികൃതമായ ഇടപാടുകൾ നടത്തുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ആരും എതിരല്ല. ഇതിന്റെ പേരിൽ സാധാരണക്കാരെ ഉപദ്രവിക്കുന്നത് നീതീകരിക്കാനാവില്ല. കൊവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ പീഡനം നാട്ടുകാരിൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു.