deen
ശുചിത്വ പദവി നേടിയ കുടയത്തൂർ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റും ഉപഹാരവും ഡീൻ കുര്യാക്കോസ് എം.പി സമ്മാനിക്കുന്നു

തൊടുപുഴ: ജില്ലയിലെ 27തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ശുചിത്വ പദവി സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു. ആദ്യഘട്ടത്തിൽ ശുചിത്വ പദവി നേടിയ 24 പഞ്ചായത്തുകളിലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലും തൊടുപുഴ ബ്ലോക്കിലും ഒരേ സമയമാണ് സർട്ടിഫിക്കറ്റുകളും ഉപഹാരവും സമ്മാനിച്ചത്. തലസ്ഥാനത്തെ 589 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി തലസ്ഥാനത്ത് നിർവ്വഹിച്ചതിനോടനുബന്ധിച്ചാണ് ഇവിടെയും ചടങ്ങുകൾ നടന്നത്. എല്ലാ ചടങ്ങുകളും ജില്ലാഹരിതകേരളം മിഷന്റെയും ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും ഫേസ് ബുക്ക് പേജിൽ ലൈവായി ചടങ്ങ് അപ്ലോഡ് ചെയ്തതും പുതുമയായി. കട്ടപ്പന നഗരസഭയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കുടയത്തൂർ പഞ്ചായത്ത്, തൊടുപുഴ നഗരസഭ എന്നിവിടങ്ങളിൽ ഡീൻ കുര്യാക്കോസ് എം.പിയും മാങ്കുളത്ത് ജില്ലാ പഞ്ചായത്തംഗം എസ്. വിജയകുമാറും സംസ്ഥാന സർക്കാരിനു വേണ്ടി ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

ശുചിത്വ പദവി വലിയ ഉത്തരവാദിത്വം: എം.പി

ശുചിത്വ പദവി വലിയ ഉത്തരവാദിത്വമാണെന്നും അത് നിറവേറ്റാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കൊപ്പം എല്ലാവിഭാഗം ജനങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണം. ഓരോരുത്തരുടെയും മാലിന്യം അവരവരുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. എങ്കിൽ മാത്രമേ മാലിന്യ പരിപാലനം എല്ലാ അർഥത്തിലും പൂർണമാകൂ.

- ഡീൻ കുര്യാക്കോസ് എം.പി


പുതിയ മാലിന്യ പരിപാലന സംസ്‌കാരം: ബിജിമോൾ

പുതിയൊരു മാലിന്യ പരിപാലന സംസ്‌കാരത്തിന് തുടക്കമിടാൻ ഹരിത കേരളത്തിന് കഴിഞ്ഞു. മാലിന്യക്കൂമ്പാരങ്ങൾക്ക് സാക്ഷിയായിരുന്ന വാഗമൺ പ്രദേശങ്ങളിൽ ഹരിത കേരളത്തിന്റെ വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്ത് വരുത്തിയ മാറ്റങ്ങൾ ആ സംസ്‌കാരികമാറ്റം എടുത്തുകാണിക്കും.

- ഇ.എസ്. ബിജിമോൾ എം.എൽ.എ