ഇടുക്കി: ചെറുതോണി ടൗണിൽ പെരിയാറിനു കുറുകെ പുതിയ പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം ഒക്‌ടോബർ 13ന് രാവിലെ 11.30ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രി ജി. സുധാകരനും പങ്കെടുക്കും. മന്ത്രി എം.എം. മണി. മുഖ്യാതിഥിയാകും. ഇതോടനുബന്ധിച്ച് ചെറുതോണി ടൗണിൽ ചേരുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി,​ റോഷി അഗസ്റ്റിൻ എം.എൽ.എ, പി.ജെ. ജോസഫ് എം.എൽ.എ, എസ്. രാജേന്ദ്രൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ എം.എൽ.എ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും. 2018 ലെ പ്രളയത്തെ തുടർന്ന് ഡാം തുറന്നപ്പോൾ നിലവിലുള്ള പാലത്തിൽ അപകരമായ വിധത്തിൽ വെള്ളം കയറി. മാത്രമല്ല വെള്ളത്തിന്റെ ശക്തിയാൽ അപ്രോച്ച് ‌റോഡ് ഇടിയുകയും ചെയ്തു. തുടർന്ന് ഇവിടെ പുതിയ പാലം നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ മുൻകൈയെടുക്കുകയും കേന്ദ്രം 23.87കോടി രൂപ അനുവദിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ പൂർത്തിയാകുന്ന പാലത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് തമിഴ്നാട്ടിലെ എസ്.കെ. കമ്പനിയാണ്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ടാകും. കാൽനടക്കാർക്കായി ടൈൽ പാകി ഒന്നര മീറ്റർ വീതിയിൽ ഇരുവശങ്ങളിലുമായി നിരത്തും പാലത്തിലുണ്ടാകും.