തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ഉടൻ പുതുക്കി പണിയണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് ആവശ്യപ്പെട്ടു. 1895 ൽ നിർമ്മിച്ച ഡാമിന് എൻജിനിയർ പൊന്നിക്വിക് 60 വർഷത്തെ ആയുസാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നത് 125 വർഷം പിന്നിട്ടു. കേരളത്തിൽ മാറി മാറി വരുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിനാൽ മൂന്ന് ജില്ലകളിലെ 50 ലക്ഷത്തിൽപ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും മുല്ലപ്പെരിയാർ ജലബോംബ് ഭീഷണിയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഡാം നിർമ്മിച്ച് ഇപ്പോൾ തമിഴ്നാടിന് കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളം കൊടുത്ത് ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കണം. ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകാനും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.