മൂന്നാർ: ചിന്നക്കനാലിൽ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമിയുടെ തണ്ടപ്പേർ അവകാശം റവന്യൂവകുപ്പ് റദ്ദാക്കി. വെള്ളൂക്കുന്നേൽ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയുടെ തണ്ടപ്പേർ അവകാശമാണ് ദേവികുളം ആർ.ഡി.ഒ റദ്ദ് ചെയ്തത്. തിങ്കളാഴ്ച ഭൂമി ഏറ്റെടുക്കുമെന്നാണ് സൂചന. സർവേ ഉദ്യോഗസ്ഥരടക്കം ഭൂമി കൈവശപ്പെടുത്താൻ ഒത്താശ ചെയ്തതായും കണ്ടെത്തി. സർവേ നമ്പർ 20/1ൽപ്പെട്ട 01. 5945 ഹെക്ടർ, സർവേ നമ്പർ 509ൽ ഉൾപ്പെട്ട 0.4856 ഹെക്ടർ, 34/1ൽപ്പെട്ട 01. 5700 ഹെക്ടർ എന്നിവയടക്കം 03. 6501 ഹെക്ടർ സ്ഥലമാണ് ഇയാൾ അനധികൃതമായി കൈവശപ്പെടുത്തിയത്. പ്രത്യേക സർവേ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പട്ടയം വ്യാജമായി നിർമിച്ചതാകാമെന്ന് കണ്ടെത്തിയത്. തുടർന്ന് റവന്യൂ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സർക്കാർ ഭൂമിയും നിർമാണങ്ങളും ഏറ്റെടുത്ത് ബോർഡ് സ്ഥാപിക്കുന്നതിനും ഉടുമ്പൻചോല തഹസിൽദാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനൊപ്പം കൈയേറ്റത്തിന് ഒത്താശ ചെയ്ത താലൂക്ക് സർവേയർ എം.എസ്. അനൂപിനെതിരെ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. പ്രത്യേക നിർദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് കൈയേറ്റ ഭൂമിയുടെ സ്‌കെച്ച് തയ്യാറാക്കി നൽകിയതെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും സബ് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കുന്നതിനും അന്വേഷണം നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ദേവികുളം സബ് കളക്ടറുടെ നിർദേശം.