കോട്ടയം : എം.ജി സർവകലാശാലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 27 ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്. 14,131 ചതുരശ്രയടിയുള്ള ഇരുനില കെട്ടിടത്തിന്റെ നിർമാണ ചുമതല കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിഗ് കമ്പനി ലിമിറ്റഡാണ് (കെൽ) നിർവഹിച്ചത്. റൂസ 1 പദ്ധതിയിലൂടെ സർവകലാശാലയ്ക്ക് ലഭിച്ച 20 കോടി രൂപയുടെ മുഴുവൻ പദ്ധതികളും ഇതോടെ പൂർത്തീകരിച്ചു.
വിദ്യാർത്ഥികൾക്കും യുവസംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം.
ലഭ്യമാകുന്ന സൗകര്യങ്ങൾ
  നാനോ ടെക്നോളജി, മൊബൈൽവെബ് ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നീ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ലാബുകളും മറ്റ് സൗകര്യങ്ങളും
  അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയും പ്രമുഖ ഫോർച്യൂൺ 500 കമ്പനികളും മറ്റ് സ്റ്റാർട്ടപ് സഹായ സ്ഥാപനങ്ങളുമായും സഹകരിച്ച് സംരംഭകർക്ക് രാജ്യാന്തര പരിശീലനം
  ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങൾക്കും കോളേജുകൾക്കും ഉത്പന്ന നിർമാണത്തിനുള്ള ഗവേഷണത്തിനായി മോഡലിംഗ്, കമ്പ്യൂട്ടേഷൻ എന്നിവയിൽ സഹായം .
 വിവിധ ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിനും നിർമിത ബുദ്ധി, ബ്ലോക് ചെയിൻ എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സോഫ്റ്റ്വേർ വികസിപ്പിക്കുന്നതിന് സൗകര്യം
  ബിസിനസ് അനലറ്റിക്സ്, ഇന്റർനെറ്റ് ഒഫ് തിങ്ക്സ് (ഐ.ഒ.റ്റി) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സൗകര്യം