ജില്ലയിൽ എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് ഇ

വിഭാഗങ്ങളിൽ ജില്ലയിലാകെയുള്ള 240 സ്‌കൂളുകളും ഹൈടെക്

ഇടുക്കി: സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം ഇന്ന് 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. . ജില്ലയിലെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രഖ്യാപനം തുടർന്ന് എം എൽ എ മാർ നിർവ്വഹിക്കും. കുമാരമംഗലം എം കെ എൻ എം എച്ച് എസ് എസ് (തൊടുപുഴ), രാജാക്കാട് ജി എച്ച് എസ് എസ് (ഉടുമ്പൻഞ്ചോല), അടിമാലി ജി എച്ച് എസ് (ദേവികുളം) കുമളി ജി വി എച് എസ് എസ് (പീരുമേട്), കട്ടപ്പന ജി റ്റി എച് എസ് എസ് (ഇടുക്കി) എന്നിവിടങ്ങളിൽ സംസ്ഥാനതല പ്രഖ്യാപനത്തെ തുടർന്ന് എം എൽ എ മാർ മണ്ഡലതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം നടത്തും.

ഇടുക്കിയിൽ എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗങ്ങളിൽ ജില്ലയിലാകെയുള്ള 240 സ്‌കൂളുകളും ഹൈടെക് ആയി. 133 സർക്കാർ സ്‌കൂളുകളും 107 എയ്ഡഡ് സ്‌കൂളുകളും ഇതിൽപെടും. ഈ സ്‌കൂളുകളിലെ ആകെയുള്ള 1621 ക്ലാസ്സ് മുറികളിലും ഉപകരണങ്ങൾ സജ്ജീകരിച്ചു. ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രൊജക്ഷൻ സ്‌ക്രീനുകൾ, മൗണ്ടിംഗ് കിറ്റുകൾ, യുഎസ്ബി സ്പീക്കറുകൾ എന്നിവ ഇതിലുൾപ്പെടും. കൂടാതെ അക്കാദമിക് പരിപാടികൾ സ്‌കൂളുകളിൽ ലഭ്യമാകാൻ 42'' എൽഇഡി ടി.വി., സ്‌കൂൾ പ്രവർത്തനങ്ങളുടെ വാർത്തകൾ തയ്യാറാക്കുന്നതിനും, ഡോക്കുമെന്റേഷനുമായി ഡിഎസ്എൽആർ ക്യാമറ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിന് വെബ് ക്യാമുകൾ ഒ്ര്രപിക്കൽ ഫൈബർ ശൃംഖല വഴി എല്ലാ സ്‌കൂളുകൾക്കും ഇന്റർനെറ്റ് സൗകര്യം
കൂടാതെ 1 മുതൽ 7വരെ ക്ലാസ്സുകളുള്ള മുഴുവൻ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകളും പൂർത്തിയാക്കി. ലാബുകളിൽ ലാപ്‌ടോപ്പുകളും, പ്രൊജക്ടറുകളും, യുഎസ്ബി സ്പീക്കറുകളും ലഭ്യമാക്കി. സെക്കണ്ടറി വിഭാഗത്തിൽ 12.44 കോടിയും, പ്രൈമറി ലാബുകൾക്കായി 7.22 കോടിയും ചിലവഴിച്ചു. ഹൈടെക് പൂർത്തീകരണത്തിനായി ജില്ലയിലെ മൊത്തം ചിലവിൽ കിഫ്ബി മുഖാന്തിരം 21.79 കോടിയും പ്രാദേശിക സമാഹരണം വഴി 8.14 കോടിയും ചിലവഴിച്ചിട്ടുണ്ട്. എം.എൽ.എമാരെക്കൂടാതെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരും മെമ്പർമാരും അവരുടെ പരിധിയലെ സ്‌കൂളുകളിലെ പ്രഖ്യാപന ചടങ്ങുകളിൽ സംബന്ധിക്കും. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സമ്പൂർണ്ണ ഹൈ ടെക് പ്രഖ്യാപനം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.എ. ബിനു മോൻ, ഡയറ്റ് പ്രിൻസിപ്പാൾ ലോഹിദാസൻ എം കെ, സമഗ്ര ശിക്ഷ ഡിപിസി ബിന്ദു മോൾ, കൈറ്റ് കോർഡിനേറ്റർ പികെ ഷാജിമോൻ തുടങ്ങിയവർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളായി സംമ്പന്ധിക്കും.