തൊടുപുഴ: നഗരത്തിൽ ഇടവേളകളില്ലാതെ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നു. ഇന്നലെ അർബൻ ബാങ്കിലേക്ക് കയറുന്ന ഭാഗത്ത് പ്രവർത്തിക്കുന്ന മൊബൈൽ കടയുടെ സമീപത്ത് അഴിച്ചു വെച്ചിരുന്ന ഗ്ലാസ് ഡോർ നഗരത്തിലൂടെ അലഞ്ഞ് നടക്കുന്ന ആൾ തകർത്തു.ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം. അറ്റകുറ്റപണികളുടെ ഭാഗമായി മൊബൈൽ കടയുടെ മുന്നിൽ വെച്ചിരുന്ന ഗ്ലാസ് ഡോറാണ് ഇയാൾ തകർത്തത്. വലിയ ശബ്ദം കേട്ട് സമീപത്തെ വ്യാപാരികൾ എത്തിയപ്പോഴേക്കും ഗ്ലാസ് ഡോർ തകർത്തിരുന്നു. ഗ്ലാസ് ഡോർ വെച്ചിരുന്ന ഭാഗത്ത് അടുക്കി വെച്ചിരുന്ന ചില്ല് ഗ്ലാസുകളും ഇയാൾ എറിഞ്ഞ് തകർത്തു.25000 രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. നിരവധി ആളുകൾ കടന്നു പോകുന്ന റോഡിനരികിലാണ് അൻഞ്ഞ്തിരിഞ്ഞ് നടക്കുന്ന ആൾ പരാക്രമം നടത്തിയത്.രണ്ട് ദിവസം മുമ്പ് ഇയാൾ നഗരത്തിലെ ഒരു ബാറിൽ നിർമ്മാണ ആവശ്യത്തിനായി വെച്ചിരുന്ന അലുമിനിയം ഷീറ്റുകളും, പൈപ്പുകളും കവർന്നിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ സ്ഥിരം സാന്നിദ്ധ്യമായ മദ്യത്തിനും, കഞ്ചാവിനും അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും സാമൂഹ്യ വിരുദ്ധൻ നഗരത്തിൽ അഴിഞ്ഞാടിയത്.നഗരം സാമൂഹ്യ വിരുദ്ധർ കൈയടക്കുമ്പോഴും അധികൃതർ വേണ്ട ഗൗരവത്തോടെ ഇടപെടുന്നില്ലായെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ അതിക്രമം കാണിച്ച ആൾ നഗരത്തിൽ എത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്ന സ്വഭാവക്കാരനാണ്.സ്ത്രീകളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണ്.