app

 ഹോം ഡെലിവറിക്ക് മൊബൈൽ ആപ്പുമായി മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: കൊവിഡ് കാരണം കടകളിൽ പോയി സാധനങ്ങൾ വാങ്ങാനാകാതെ വിഷമിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഉടനടി വീട്ടുപടിക്കലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി ചേർന്ന് ഒരു പറ്റം ടെക്കികളാണ് നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് മൊബൈൽ ആപ്പ് ആവിഷ്കരിച്ചത്. കേരളത്തിലാദ്യമായി തൊടുപുഴയിലാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'യോപ്പോ' എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖേന തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന സൂപ്പർ മാർക്കറ്റുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, പഴം- പച്ചക്കറി- ഇറച്ചി- മത്സ്യ വിപണനശാലകൾ തുടങ്ങി നൂറ്റമ്പതോളം കടകളുമായി ബന്ധിപ്പിച്ചാണ് ഓൺലൈൻ ഷോപ്പിംഗിന് സൗകര്യം ഏർപ്പെടുത്തുന്നത്. കാക്കനാടുള്ള യോപ്പോ മാർട്ട് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് 'യോപ്പോ" ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ലിസ്റ്റ് ചെയ്തിട്ടുള്ള കടകളിൽ നിന്ന് സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാം. സാധനങ്ങൾ ഹോം ഡെലിവറിയായി വീടുകളിലെത്തും. വ്യാപാരികൾക്ക് തന്നെ ഉത്പന്നങ്ങൾക്ക് ഡിസ്‌കൗണ്ടും ഓഫറുകളും പ്രഖ്യാപിക്കാം. വിലക്കിഴിവ് മനസിലാക്കി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ലോഞ്ചിംഗിനോട് അനുബന്ധിച്ച് 200 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഒരു മാസത്തേക്ക് തൊടുപുഴ ടൗണിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഹോം ഡെലിവറിയുണ്ടാകും. ഒരു മാസത്തിനു ശേഷം 30 രൂപ നിശ്ചിത ഫീസും ഈടാക്കാനാണ് ആലോചന. മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് താജു, യോപ്പോ ബിസിനസ് ഡവലപ്‌മെന്റ് മാനേജർ നവീൻ വിമൽ, ജയ്‌സൺ ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

'ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വൻകിട ബ്രാൻഡുകൾ ചെറുകിട കച്ചവടക്കാർക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് 'യോപ്പോ'യുമായി ചേർന്ന് സഹകരിക്കാൻ തീരുമാനിച്ചത്."

- രാജു തരണിയിൽ

(തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്)

'തൊടുപുഴയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് മറ്റിടങ്ങളിലേക്കും വൈകാതെ ഈ ആപ്പിന്റെ സേവനം വ്യാപിപ്പിക്കും."

-ജയ്സൺ ജോസ് (യോപ്പോ ബിസിനസ് ഡെവലപ്മെന്റ്)​