തൊടുപുഴ : ജനങ്ങൾക്ക് സ്വീകാര്യതയും വിശ്വാസ്യതയുമുള്ള ആയുർവേദത്തെ കൊവിഡ് ചികിത്സയിൽ ഉപയോഗപ്പെടുത്തി നിയന്ത്രണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് ആയുർവേദയിലും തെരഞ്ഞെടുത്ത മറ്റിടങ്ങളിലുമായി നടന്ന പഠനങ്ങൾക്കു ശേഷം കേന്ദ്ര സർക്കാർ ആയുർവേദത്തെ കൊവിഡ് ചികിത്സയിൽ ഉൾപ്പെടുത്തി മാർഗരേഖ പുറത്തിറക്കിയിരുന്നു. ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതും ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതുമായ രോഗികളിൽ ആയുർവേദത്തെ ഉപയോഗപ്പെടുത്താൻ കേരളത്തിനും കഴിയണമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രധാനപ്പെട്ട സർക്കാർ ആയൂർവേദ ആശുപത്രികളിലും ഹോം കെയറുകളിലുമുള്ള രോഗികളിൽ ആയുർവേദ മരുന്നുകൾ ഉപയോഗപ്പെടുത്തിയാൽ രോഗം വേഗം നിയന്ത്രിക്കാൻ ഇടയാക്കുമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ടെന്നും ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി എന്നിവർ പറഞ്ഞു.