തൊടുപുഴ: സ്വർണ്ണക്കടത്തു കേസിൽ ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ . സ്വർണ്ണകടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്നും, സർക്കാർ അഴിമതികൾ സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സ്പീക് അപ്പ് കേരള സമരപരമ്പരകളുടെ നാലാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ നടന്ന സത്യാഗ്രഹ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ ടി ജലീലിനെ പോലുള്ള മന്ത്രിമാർ കേരളത്തിന് അപമാനമാണ്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി പോലും വിൽപ്പനചരക്കാക്കിയ മുഖ്യമന്ത്രിയും മന്ത്രി കെ ടി ജലീലും ശ്രീനാരായണീയരെ ആകമാനം നിന്ദിച്ചിരിക്കുകയാണ്, പിണറായി - സ്വപ്ന- ശിവശങ്കർ ഭരണത്തിന് അന്ത്യം കുറിക്കുന്നതു വരെ യു ഡി എഫ് സമരം തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പരിപാടിയിൽ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി എൻ സീതി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോൺ നെടിയപാല സ്വാഗതം ആശംസിച്ചു. ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ്, അഡ്വ. കെ എസ് സിറിയക്ക് (ജനതാദൾ) ഷാഹുൽ പള്ളത്തു പറമ്പിൽ (കേരള കോൺഗ്രസ് ജേക്കബ്ബ്) എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു.
നെടുങ്കണ്ടത്ത് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, പീരുമേട്ടിൽ കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്, കട്ടപ്പനയിൽ അഡ്വ.ഇ എം ആഗസ്തി എക്സ് എം എൽ എ, മൂന്നാറിൽ എ കെ മണി എക്സ് എം എൽ എ, എന്നിവർ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ യു ഡി എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു. മൂന്നാറിൽ ജി മുനിയാണ്ടി, നെടുംങ്കണ്ടത്ത് ഇ കെ വാസു, കട്ടപ്പനയിൽ ജോണികുളമ്പിള്ളി, പീരുമേട്ടിൽ ഷാഹുൽ ഹമീദ് എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.