തൊടുപുഴ: പ്രശസ്ത സിനിമാ സംവിധായകൻ മേജർ രവി രക്ഷാധികാരിയായി ഇടുക്കിയിൽ ദുരന്തനിവാരണത്തിന് പ്രത്യേകം ടീം രൂപീകരിക്കുന്നു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും വിദഗ്ദ്ധ പരിശീലനം നൽകിക്കൊണ്ടാണ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിനെ സജ്ജമാക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകും. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള 250 അംഗങ്ങളെ ഉൾപ്പെടുത്തി ആദ്യഘട്ട പരിശീലനം നൽകും. പ്രധാനമായും ലൈഫ് സേവർ ട്രെയിനിംഗ്, സി.പി.ആർ, സ്വിമ്മിംഗ്, ലൈഫ് ഗാർഡ് ട്രെയിനിംഗ്, എൻവിയോൺമെന്റ് സ്റ്റഡി, ഡിസാസ്റ്റർ ട്രെയിനിംഗ്, അഡ്വെഞ്ചർ സ്‌പോർട്‌സ്, സ്‌ക്യൂബ ഡൈവിംഗ് തുടങ്ങിയവ ആദ്യഘട്ട പരിശീലനത്തിൽ ഉൾപ്പെടുത്തും. തുടർന്ന് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും സേനയുടെ യൂണിറ്റുകൾ ആരംഭിക്കും. രക്തദാനം ഉൾപ്പടെയുള്ള സേവനങ്ങൾ ഇടുക്കി ഡിസാസ്റ്റർ മനേജ്‌മെന്റ് ടീമിലൂടെ ലഭ്യമാക്കും. ഹെൻട്രി ടെക് കമ്പനി തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ സേനയിൽ അംഗമാകാം. മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മേജർ രവിയും ഡീൻ കുര്യാക്കോസും ചേർന്ന് നിർവഹിച്ചു. വിദഗ്ദ്ധ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് ആവശ്യമായിട്ടുള്ളതെന്ന് മേജർ രവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള യൂണിറ്റുകൾ നിലവിൽ വരുന്നതോടെ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സേവന സന്നദ്ധരായ സേനാംഗങ്ങൾ സജ്ജരാകുമെന്ന് ഡീൻ പറഞ്ഞു. പാർലമെന്റ് മണ്ഡലം ചീഫ് കോ- ഓർഡിനേറ്റർ ജോൺസൺ മാമലശേരി, കോ- ഓർഡിനേറ്റർ എൽദോ ബാബു വട്ടക്കാവിൽ, സലിംകുട്ടി, ഹെൻട്രി ബേബി ജോസ് എന്നിവർ പങ്കെടുത്തു.