തൊടുപുഴ: തൊടുപുഴയിലെ ഫസ്റ്റ്‌ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ മഴ പെയ്താൽ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിലെ ഉത്രം റെസിഡൻസിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിൽ വെള്ളം കയറിയത്. ആരോഗ്യ പ്രവർത്തകരും രോഗികളും ചേർന്നാണ് വെള്ളം ‌കോരിക്കളഞ്ഞത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് ഏഴ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ്‌ ഇവിടെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റിനായി സൗകര്യങ്ങൾ ഒരുക്കിയത്. തുടർന്നുള്ള അറ്റകുറ്റപണിയടക്കമുള്ള കാര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും കൂടുതൽ ചികിത്സ വേണ്ടവരെയും ജില്ലാ ആശുപത്രിയിലെ കൊവിഡ് ആശുപത്രിയിലും മറ്റുള്ളവരെ ഉത്രത്തിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു ചെയ്തിരുന്നത്. എഴുന്നൂറോളം രോഗികൾ ഇതുവരെ ഇവിടെ നിന്ന്‌ രോഗമുക്തരായി പുറത്ത്‌ പോയി. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ‌കൊവിഡ് സെന്ററിലേക്ക് ഒഴുകി എത്തുന്നത്. ചെറിയൊരു അറ്റകുറ്റപ്പണി നടത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കാനാകും. എന്നാൽ അധികൃതർ ഇതിന്‌ മുൻകൈ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.