തൊടുപുഴ: കൊവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷയോടെ എത്തിയവർ നിരാശരായി മടങ്ങി.കുടുംബ സമേതമാണ് ചില കേന്ദ്രങ്ങളിൽ ആളുകൾ എത്തിയത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ജനങ്ങളെ പ്രവേശിപ്പിക്കാതെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം പ്രമോഷൻ കൌൺസിൽ, പ്രാദേശിക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിങ്ങവയുടെ നേതൃത്വത്തിലാണ് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ നിശ്ചയിച്ച പ്രത്യേകമായ സമിതികൾക്കാണ് ഓരോ കേന്ദ്രങ്ങളുടെയും നടത്തിപ്പ് ചുമതലയും.
7 കോടിയുടെ നഷ്ടം....
കഴിഞ്ഞ ഏതാനും മാസങ്ങളായി വിനോദ സഞ്ചാര മേഖല പൂർണ്ണമായും അടഞ്ഞു കിടന്നതിനെ തുടർന്ന് ജില്ലയിൽ 7 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. വാഗമണ്ണിലുള്ള 3 കേന്ദ്രങ്ങൾ ഉൾപ്പെടെ ശ്രീനാരായണപുരം, പാഞ്ചാലിമേഡ്, ബോട്ടാണിക്കൽ ഗാർഡൻ, ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക് എന്നിങ്ങനെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൻസിലിന്റെ കീഴിലുള്ള കേന്ദ്രങ്ങൾ. കൂടാതെ ടൂറിസം വകുപ്പ് നേരിട്ട് നടത്തുന്നതും മറ്റുള്ളവയുടെ നിയന്ത്രണത്തിലുള്ളതും വേറെയുമുണ്ട്. ഓരോ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് കാലത്ത് ചെറുതും വലുതുമായിട്ടുള്ള തൊഴിൽ നഷ്ടപ്പെട്ടവരും മറ്റു മേഖലകളിലെ നഷ്ടവും ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടുമില്ല. എന്നാൽ സർക്കാർ നിർദ്ദേശപ്രകാരം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് മുതൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് റൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.