തൊടുപുഴ: വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ ഈ വർഷത്തെ എക്‌സൈസ് മെഡലിന് ഇടുക്കിയിൽനിന്ന് .എൻ.പി സുദീപ്കുമാറും ജി.വിജയകുമാറും എക്‌സൈസ് മെഡൽ നേടി. തൊടുപുഴ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എൻ.പി. സുദീപ്കുമാർഇടുക്കി ഇന്റലിജൻസ് ബ്യൂറോയിലും എറണാകുളം ആന്റി നർക്കോട്ടിക് സ്ക്വാഡിലും മറയൂർ എക്‌സൈസ് റെയ്ഞ്ചിലും സേവനം അനുഷ്ടിച്ച ശേഷം തൊടുപുഴ റെയ്ഞ്ചിൽ ഇൻസ്‌പെക്ടറായി ജോലി നോക്കി വരികയുമാണ്. ഇടുക്കി ഇന്റലിജൻസ് ബ്യൂറോയിലെ സേവനകാലത്ത് മൂന്നാർ തോട്ടം മേഖലകളിലെ വ്യാജമദ്യ ലോബികൾക്കെതിരെയും തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കള്ളക്കടത്തിന് എതിരെയും നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആന്ധ്ര, ഒറീസ്സ, തമിഴ്നാട്, ബംഗാൾ, അസ്സാം സംസ്ഥാനങ്ങൾ സന്ദർശിച്ചും കഞ്ചാവ് ലോബികൾക്കെതിരായി രഹസ്യ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. മറയൂരിലെ സേവനകാലത്ത് വട്ടവടയിലെ ടൂറിസം മേഖലയിൽ വ്യാപകമായിരുന്ന എൽ.എസ്.ഡി എന്ന മാരകമായ മയക്കുമരുന്നും വൻതോതിൽ പിടികൂടിയിരുന്നു. അടുത്ത കാലത്ത് തൊടുപുഴ ടൗണിൽ നിന്നും 50 കിലോ ഗ്രാം കഞ്ചാവും 40 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. വണ്ണപ്പുറം നാടിയാനിക്കൽ എൻ.എൻ.പദ്മനാഭന്റെയും സതി പത്മനാഭന്റെയും മകനാണ്.
ദേവികുളം റേഞ്ചിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.വിജയകുമാർ കമ്പംമെട്ട് ചെക്‌പോസ്റ്റ്, അടിമാലി റേഞ്ച്, തങ്കമണി റേഞ്ച്, നാർക്കോട്ടിക് സ്‌ക്വാഡ് അടിമാലി, ഉടുമ്പൻചോല റേഞ്ച് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.. സേവന കാലത്ത് 200 ൽ അധികം നാർക്കോട്ടിക് കേസുകളിലായി 11 കിലോ ഹാഷിഷ് ഓയിൽ, 100 കിലോയിലധികം കഞ്ചാവ്, കഞ്ചാവ് ചെടികൾ, ലഹരി ഗുളിക കൾ, ലഹരി കൂൺ, നിരവധി വാഹനങ്ങൾ എന്നിവയും 400 ൽ അധികം അബ്കാരി കേസുകളും കണ്ടെടുത്തിട്ടുണ്ട്. ഇക്കാലയളവിൽ 350 ൽ അധികം കേസുകൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന മത്സരങ്ങളിൽ തുടർച്ചയായി എല്ലാ വർഷവും തന്നെ വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കല്ലാർ പട്ടം കോളനി ചോറ്റുപാറ ശ്രീനിലയത്തിൽ പരേതരായ രാമകൃഷ്ണ പിള്ളയുടെയും ഗോമതിയമ്മയുടെയുംമകനാണ്.