
ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. 2391.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ഈ മാസം 20ന് മുമ്പ് ഇത് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2398.85 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കേണ്ടിവരും. അതിന് ഇനി ഏഴരയടി കൂടി ഉയർന്നാൽ മതി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 29.8 മില്ലിമീറ്റർ മഴ ലഭിച്ചു. കൺട്രോൾ റൂം തുറന്ന് ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തുകയാണ്.
ഇന്നും ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന ചെറിയ ഡാമുകളായ മലങ്കരയുടെയും കല്ലാർകുട്ടിയുടെയും ഷട്ടറുകൾ ഉയർത്തി ജലമൊഴുക്കുന്നുണ്ട്. ഇന്ന് പാംബ്ല അണക്കെട്ടിന്റെ ഷട്ടറും തുറക്കും.സുരക്ഷാ നടപടികൾ വിലയിരുത്താൻ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 126.85 അടിയാണ്. ഇന്നലെ 45.6 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. സെക്കൻഡിൽ 1529 ഘന അടി ജലം ഡാമിലേക്കെത്തുന്നുണ്ട്.142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 1400 ഘന അടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 140 അടിയെത്തിയാൽ തുറന്നേക്കും. ആ ജലവും ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക.
ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2391.30
പരമാവധി ശേഷി 2,403 അടി
ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 86.41 %
ഉത്പാദനം കൂട്ടാൻ കെ.എസ്.ഇ.ബി
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടി കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം വരെ നാല് ദശലക്ഷം യൂണിറ്റിൽ താഴെ വൈദ്യുതിയായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ അത് എട്ട് ദശലക്ഷം യൂണിറ്റായി ഉയർത്തി. 10 ദശലക്ഷം യൂണിറ്റാക്കുകയാണ് അടുത്ത ലക്ഷ്യം. ആറ് ജനറേറ്ററുകളിൽ നാലെണ്ണമാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ബാക്കിയുള്ളതിൽ ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്. ഒരെണ്ണം ജനുവരി മുതൽ തകരാറിലാണ്.
' ആശങ്ക വേണ്ട. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരെക്കൂടി ഉൾപ്പെടുത്തി ആവശ്യമെങ്കിൽ അവലോകനയോഗം ചേരും"
- ജില്ലാ കളക്ടർ എച്ച്. ദിനേശൻ