തൊടുപുഴ : കെ.എസ്.ഇ.ബിയുടെ തൊട്ടിയാർ ജല വൈദ്യുത പദ്ധതിയുടെ സ്ഥലമെടുപ്പിന് ഭൂവുടമകൾക്ക് കിട്ടിയ നഷ്ടപരിഹാര തുകയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പേരിൽ 2009 ജൂലായിൽ വിജിലൻസ് ചാർജ്ജ് ചെയ്ത കേസിൽ മുൻ മന്നാങ്കണ്ടം വില്ലേജ് ആഫീസറായ ആർ. രാജേഷിനെ ഹൈക്കോടതി വെറുതെ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ശിക്ഷാ ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. കേസിലെ ഒന്നാം പ്രതിയായ വില്ലേജ് ആഫീസറെ കേസിൽ കുടുക്കുന്നതിന് ബോധപൂർവ്വമായ ശ്രമം നടന്നതായി കോടതി കണ്ടെത്തി. സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാര തുക 2009 ജനുവരിയിൽ തന്നെ പരാതിക്കാർക്ക് കിട്ടിക്കഴിഞ്ഞിരുന്നു. ജൂലായിലാണ് വിജിലൻസിൽ പരാതി നൽകുന്നത്. ശുപാർശ ചെയ്ത തുക കുറഞ്ഞുപോയി എന്നതു സംബന്ധിച്ച് വില്ലേജ് ആഫീസറുമായും റവന്യൂ വകുപ്പുമായും പരാതിക്കാർക്ക് തർക്കം നിലവിലുണ്ടായിരുന്നു. നഷ്ടപരിഹാര തുക കൊണ്ട് പകരം വാങ്ങിയ വസ്തുവിന്റെ പോക്കുവരവ് തടഞ്ഞുവച്ചു എന്നുള്ള ആരോപണത്തിലും കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.