തൊടുപുഴ: 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന ആവശ്യമുയർത്തി കേരള കോൺഗ്രസ് (എം) സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിലേയ്ക്ക്.​ ആദായ നികുതിയുടെ പരിധിയിൽ വരാത്ത ഒരു നിശ്ചിത വാർഷിക വരുമാനത്തിൽ താഴെയുള്ള 60 വയസ് കഴിഞ്ഞ ചെറുകിട കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ഇതിൽ അയ്യായിരം രൂപ കേന്ദ്രസർക്കാരും അയ്യായിരം രൂപ സംസ്ഥാന സർക്കാരും വഹിക്കണം. ഈ വിഷയം ഉന്നയിച്ച് ഇന്ന് കേരളാകോൺഗ്രസ് (എം) നേതാക്കൾ 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും സത്യാഗ്രഹമിരിക്കും. തുടർന്ന് പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഈ ആവശ്യം ഉന്നയിച്ച് 20ന് സത്യഗ്രഹ സമരം നടത്തും. ഇതിനുവേണ്ട പ്രചരണം തുടർച്ചയായി നടത്തും. പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിനും മറ്റുമായി വെബിനാറുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ പി.ജെ.ജോസഫ് എം.എൽ.എ പങ്കെടുക്കും.